എൽ.ഡി.എഫിന് പുറത്ത്; അൻവറുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് ഗോവിന്ദൻ

Kannadiparamba online news

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയ പി.വി. അൻവർ എം.എൽ.എ എൽ.ഡി.എഫിൽനിന്ന് പുറത്ത്. 

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന കാര്യം വ്യക്തമാക്കിയത്. അൻവറുമായി ഇനി പാർട്ടിക്ക് ബന്ധമില്ല. പരാതിക്ക് എല്ലാ പരിഗണന നൽകിയിട്ടും അൻവർ പരസ്യ ആരോപണം തുടർന്നു. സി.പി.എമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല. എൽ.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയതാണ്. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെ.ടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്‍റെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്. 

മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്‍റേത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്‍റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ.എം.എസ് മുതൽ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല. എ.ഡി.ജി.പിയെ സംരക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. 

അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്നും ഗോവിന്ദൻ വിമർശിച്ചു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. 

സി.പി.എമ്മിന്‍റെ സംഘടന രീതിയും നയവും അറിയില്ല. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചശേഷമാണ് പരാതി നൽകിയത്. അൻവർ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ല, പാർലമെന്‍ററി അംഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ആദ്യം പരാതിയുണ്ടായിരുന്നില്ല. പിന്നീടാണ് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കരുതെന്ന് പലതവണ ഓർമപ്പെടുത്തിയിട്ടും അൻവർ അച്ചടക്കം ലംഘിച്ചു. അൻവറിന്‍റെ പരാതി പരിശോധിക്കാതിരിക്കുകയോ, കേൾക്കാതിരിക്കുകയോ ചെയ്തിട്ടില്ല. 

പാർട്ടി അംഗമല്ലാതിരിന്നിട്ടും എല്ലാ പരിഗണനയും പാർട്ടി അൻവറിന് നൽകി. അന്വേഷണങ്ങൾ മുറക്ക് നടക്കുന്നുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ആ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്നും അറിയിച്ചു. എന്നാൽ, പാർട്ടി നൽകിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെ പരസ്യമായി വാർത്താസമ്മേളനം നടത്തുകയാണ് അൻവർ ചെയ്തതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

പിണറായി വിജയനുനേരെ കടുത്ത കടന്നാക്രമണമാണ് പി.വി. അൻവർ എം.എൽ.എ വ്യാഴാഴ്ച നടത്തിയത്. തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാൻ എ.ഡി.ജി.പി അജിത്കുമാർ പൂരം കലക്കിയത് മുഖ്യമന്ത്രിയും കേന്ദ്രഭരണകക്ഷിയും തമ്മിലെ നീക്കുപോക്കാണെന്നും ആർ.എസ്.എസ് കൂടിക്കാഴ്ച സമ്മതിച്ചിട്ടും അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് അതുകൊണ്ടാണെന്നും അൻവർ തുറന്നടിച്ചിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!