കൊച്ചി: മാസപ്പടി കേസുമായി (CMRL-Exalogic deal) ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിനെതിരെ സിഎംആർഎൽ (CMRL) നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ കേസിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് വ്യക്തമായി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
നേരത്തെ, ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെയാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അപ്പീൽ പരിഗണിച്ച കോടതി, വെള്ളിയാഴ്ച അന്തിമവിധി വരുംവരെ തുടർനടപടികൾ പാടില്ലെന്ന് ഇ.ഡിയോട് നിർദേശിച്ചിരുന്നു.
ഇ.ഡിയുടെ വാദം
ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും വളരെ വിപുലമായ മാനങ്ങളുള്ള കേസാണിതെന്നുമാണ് ഇ.ഡി കോടതിയിൽ വാദിച്ചത്. വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെ അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഇ.ഡി നേരത്തെ ചൂണ്ടിക്കാണിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതുമടക്കമുള്ള നടപടികളുമായി ഇ.ഡി മുന്നോട്ട് പോയിരുന്നു. ബാംഗ്ലൂർ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ലഭിച്ച നിർണായക വിവരങ്ങൾ ആവശ്യമെങ്കിൽ കോടതിക്ക് കൈമാറാൻ തയ്യാറാണെന്നും ഇ.ഡി അറിയിച്ചു.
സിഎംആർഎല്ലിന്റെ വാദം
എന്നാൽ, ഇ.ഡിക്ക് അന്വേഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫൻസ് (Predicate Offense) കേസിൽ ഇതുവരെ വെളിവായിട്ടില്ലെന്ന് സിഎംആർഎൽ ആവർത്തിച്ചു. എസ്.എഫ്.ഐ.ഒ (SFIO) സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായതിനാൽ അതിനെ നിലവിൽ ഒരു കേസായി പരിഗണിക്കാൻ കഴിയില്ലെന്നും, അതിനാൽ പി.എം.എൽ.എ (PMLA) പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധമാണെന്നുമാണ് കമ്പനി പ്രധാനമായും വാദിച്ചത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഇ.ഡി അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

