വാഷിംഗ്ടൺ: സൊയൂസ് എംഎസ്-29 ദൗത്യത്തിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പ്രവേശിച്ച് ചരിത്രനേട്ടം സ്വന്തമാക്കി പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ അനിൽ മേനോൻ. റഷ്യൻ ഏജൻസിയായ റോസ്കോസ്മോസിന്റെ കോസ്മോണോട്ടുകളായ പ്യോട്ടർ ദുബ്രോവ്, അന്ന കിക്കിന എന്നിവർക്കൊപ്പമാണ് അദ്ദേഹം നിലയത്തിലെത്തിയത്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച പേടകം ഇന്ത്യൻ സമയം രാത്രി 11.26-ഓടെ ഐ.എസ്.എസുമായി വിജയകരമായി ഡോക്ക് ചെയ്തു. തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംഘം ബഹിരാകാശ നിലയത്തിനുള്ളിൽ പ്രവേശിച്ചു.
എട്ട് മാസത്തെ ശാസ്ത്രീയ ദൗത്യം
ജീവശാസ്ത്രം, മെഡിക്കൽ സാങ്കേതികവിദ്യ, മെറ്റീരിയൽ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി എട്ട് മാസത്തെ നിർണായക ശാസ്ത്രപരീക്ഷണങ്ങളാണ് അനിൽ മേനോനും സംഘത്തിനും മുന്നിലുള്ളത്. മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സുരക്ഷിതമായി എത്തിക്കാനുള്ള ഭാവി പദ്ധതികൾക്ക് ഈ ഗവേഷണങ്ങൾ അടിസ്ഥാനമാകും.
എ.ഐ ഉപയോഗിച്ചുള്ള മെഡിക്കൽ പരിശോധന
ബഹിരാകാശത്ത് കൃത്രിമ ബുദ്ധിയും (AI) ഓഗ്മെന്റഡ് റിയാലിറ്റിയും (AR) സംയോജിപ്പിച്ചുള്ള അൾട്രാസൗണ്ട് പരിശോധനയാണ് ദൗത്യത്തിലെ പ്രധാന ആകർഷണം. ഭൂമിയിലെ ഡോക്ടർമാരുടെ തത്സമയ നിർദേശമില്ലാതെ തന്നെ ബഹിരാകാശ സഞ്ചാരികൾക്ക് സ്വയം ആരോഗ്യപരിശോധനയും രോഗനിർണയവും നടത്താൻ കഴിയുന്ന സംവിധാനമാണിത്. ഭൂമിയുമായുള്ള ആശയവിനിമയത്തിൽ സമയതാമസമുണ്ടാകാൻ സാധ്യതയുള്ള ഭാവിയിലെ ദീർഘദൂര ദൗത്യങ്ങൾക്ക് ഇത് ഏറെ സഹായകമാകും.
സെമികണ്ടക്ടർ ഗവേഷണം
സൂക്ഷ്‍മ ഗുരുത്വാകർഷണ സാഹചര്യത്തിൽ ഉയർന്ന നിലവാരമുള്ള സെമികണ്ടക്ടർ ക്രിസ്റ്റലുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും അനിൽ മേനോൻ പങ്കെടുക്കും. ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമ്മാണം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും.
2021-ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് സ്പേസ് എക്സിന്റെ ഫ്ലൈറ്റ് സർജനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള പ്യോത്ര് ദുബ്രോവിനും അന്ന കികിനയ്ക്കും ഇത് രണ്ടാം ബഹിരാകാശ യാത്രയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

