തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ സർക്കാരും ലോക്‌ഭവനും (ഗവർണറും) തമ്മിൽ കല്ലുകടി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘വന്ദേ മാതരം’ മുഴുവനായും വായിക്കണമെന്ന ഗവർണറുടെ നിർദേശം സർക്കാർ തള്ളി. ഇന്നലെ നടന്ന റിഹേഴ്സലിൽ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക് ഭവൻ നിർദേശിച്ചിരുന്നെങ്കിലും, കേരള പൊലീസിന്റെ ബാൻഡ് വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തുകയായിരുന്നു. ഇതോടെ ഗവർണറുടെയും ലോക്‌ഭവന്റെയും തുടർ നീക്കങ്ങൾ എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതേസമയം, ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകാൻ ധവളപത്രം ഇറക്കുമെന്ന് പ്രഖ്യാപിച്ചു. യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്ക പങ്കുവെച്ച പ്രസംഗത്തിൽ അഴിമതി രഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
പ്രധാന പ്രഖ്യാപനങ്ങൾ:
വിദ്യാഭ്യാസം: എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റുകൾ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും.
ഇന്ദിരാ ഗ്യാരണ്ടി: ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന വാഗ്ദാനമായ വയോജന വകുപ്പ് രൂപീകരണം ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചു.
ഗതാഗതം & ടൂറിസം: റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ച് സംയോജിത ഗതാഗത ബൃഹദ്‌പദ്ധതി നടപ്പാക്കും. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും.
കൃഷി & വനം: കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം, സുഗന്ധവ്യഞ്ജന പാർക്കുകൾ എന്നിവ നടപ്പാക്കും. മനുഷ്യ-മൃഗ സംഘർഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
കല-സംസ്കാരം: തീയറ്റർ മേഖലക്ക് പ്രോത്സാഹനം നൽകുകയും രാജ്യാന്തര ചലച്ചിത്രമേള (IFFK) മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
നയങ്ങൾ: എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സേവന മേഖലയിൽ നിന്ന് പിന്മാറില്ല. കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കുമെന്നും അർഹമായ പിന്തുണ പ്രതീക്ഷിക്കുന്നതായും പ്രസംഗത്തിൽ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

