ഇ.ഡി വാഹനങ്ങൾക്ക് നേരെ ആക്രമണം: തിരുവനന്തപുരത്ത് നാലുപേർ അറസ്റ്റിൽ; പാളയം പാർട്ടി ഓഫീസിന് മുന്നിൽ വൻ നാടകീയ രംഗങ്ങൾ

Kannadiparamba online news
Screenshot

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ നീക്കം തലസ്ഥാനത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബേക്കറി ജംഗ്ഷനിൽ വെച്ച് വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളയുകയായിരുന്നു. ഏതു നിമിഷവും പോലീസ് അകത്തു കയറി അറസ്റ്റ് നടത്തിയേക്കുമെന്ന സൂചനയെത്തുടർന്ന് കണ്ണീർവാതകം ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സായുധ പോലീസും സ്ഥലത്തെത്തി.

പോലീസിനെ തടഞ്ഞ് നേതാക്കൾ

പാളയത്തെ പാർട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് സി.പി.എം നേതാക്കൾ കടുത്ത നിലപാടെടുത്തു. വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, ആനാവൂർ നാഗപ്പൻ, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ നേതാക്കൾ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. ‘പാർട്ടി ഓഫീസിൽ പോലീസ് കയറില്ല, കയറണമെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ സാധിക്കൂ’ എന്ന് വി. ശിവൻകുട്ടി പോലീസിനോട് വ്യക്തമാക്കി.

പുറത്തുവന്ന അക്രമ ദൃശ്യങ്ങൾ പോലീസ് നേതാക്കളെ കാണിക്കുകയും, ദൃശ്യങ്ങളിലുള്ളവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവുമായും പോലീസ് സംസാരിച്ചു. തുടർന്ന് വി. ശിവൻകുട്ടി ഡി.ജി.പിയെ ഫോണിൽ വിളിച്ച് പ്രതികളെ വിട്ടുനൽകാമെന്നും എന്നാൽ ഓഫീസിനകത്ത് കയറാൻ അനുവദിക്കില്ലെന്നും അറിയിച്ചു. ഒടുവിൽ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് സ്ഥലത്തെത്തി സി.പി.എം നേതാക്കളുമായി ചർച്ച നടത്തുകയും, പ്രതികളെ ഹാജരാക്കാമെന്ന ഉറപ്പിൽ പോലീസ് പാർട്ടി ഓഫീസിന് മുന്നിൽനിന്ന് പിൻമാറുകയും ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!