തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലേക്ക് എത്തിയത്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടികളുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സി.പി.എമ്മിന്റെ എ.സി. മൊയ്തീന് 35 വോട്ടുകളും, എൻ.ഡി.എ സ്ഥാനാർഥി ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടുകളും ലഭിച്ചു. ആകെയുള്ള 140 അംഗങ്ങളിൽ 139 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എം.എൽ.എയുമായ പ്രോടേം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പ്രോടേം സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറുടെ ചേമ്പറിലേക്ക് ആനയിച്ചു.
നാമനിർദേശ പത്രികകൾ ഇങ്ങനെ:
തിരുവഞ്ചൂർ രാധാകൃഷ്ണനു വേണ്ടി നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ (സണ്ണി ജോസഫ് പിന്താങ്ങി), പി.കെ. കുഞ്ഞാലിക്കുട്ടി (പി.കെ. ബഷീർ പിന്താങ്ങി), മോൻസ് ജോസഫ് (അനൂപ് ജേക്കബ് പിന്താങ്ങി), ഷിബു ബേബി ജോൺ (സി.പി. ജോൺ പിന്താങ്ങി) എന്നിവരാണ് പത്രികകൾ നൽകിയത്.
എ.സി. മൊയ്തീന് വേണ്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (കെ. രാജൻ പിന്താങ്ങി), കെ.എൻ. ബാലഗോപാൽ (പി.കെ. പ്രവീൺ പിന്താങ്ങി) എന്നിവർ നാമനിർദേശം ചെയ്തു. ബി.ബി. ഗോപകുമാറിനെ രാജീവ് ചന്ദ്രശേഖർ നാമനിർദേശം ചെയ്യുകയും വി. മുരളീധരൻ പിന്താങ്ങുകയും ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

