മലപ്പുറം: നാലര പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായ മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാപ്പ’യ്ക്ക് മന്ത്രിപദത്തിൽ നാലാമൂഴം. മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നും കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് മുസ്ലിം ലീഗിന്റെ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിപദവിയിലെത്തുന്നത്. 85,327 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് ഇത്തവണ മലപ്പുറം അദ്ദേഹത്തിന് നൽകിയത്.
യു.ഡി.എഫിലെ സീനിയർ നേതാക്കളിൽ പ്രമുഖനായ ഈ 74-കാരന് വിവിധ പദവികളിലെ ദീർഘകാല ഭരണപരിചയം മുതൽക്കൂട്ടാണ്. 1951 ജനുവരി 6-ന് ഊരകം മേൽമുറി പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമ്മക്കുട്ടിയുടെയും മകനായാണ് ജനനം. കോഴിക്കോട് ഫാറൂഖ് കോളേജിലും തളിപ്പറമ്പ് സർ സയ്യിദ് കോളേജിലുമായി പഠനം പൂർത്തിയാക്കി. എം.എസ്.എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മലപ്പുറം സ്പിന്നിങ് മില്ലിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ, പാണക്കാട് തറവാട്ടുമുറ്റത്തുനിന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഗ് നേതൃനിരയിലേക്കുള്ള വരവ്.
പാണക്കാട് പൂക്കോയ തങ്ങളുടെ ആശീർവാദത്തോടെ രാഷ്ട്രീയത്തിൽ പിച്ചവെച്ച അദ്ദേഹം, മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെയാണ് നേതൃസ്ഥാനത്തേക്ക് ഉയർന്നത്. ചുരുങ്ങിയ കാലംകൊണ്ട് നേതൃപാടവം തെളിയിച്ച കുഞ്ഞാലിക്കുട്ടി 27-ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി. തുടർന്ന് 1982-ൽ മലപ്പുറത്തുനിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 1987, 1991, 1996, 2001, 2011, 2016, 2021 വർഷങ്ങളിലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017-ൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും 2019-ലെ പൊതുതിരഞ്ഞെടുപ്പിലും വിജയിച്ച് അദ്ദേഹം ലോക്‌സഭാംഗമായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹം ഒമ്പത് തവണ നിയമസഭാംഗവും രണ്ട് തവണ ലോക്സഭാംഗവുമായിട്ടുണ്ട്. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവരുടെ മന്ത്രിസഭകളിൽ വ്യവസായം, ഐ.ടി വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്നു.
പലപ്പോഴും കലങ്ങിമറിയുന്ന മുന്നണി രാഷ്ട്രീയത്തെ ആടിയുലയാതെ പിടിച്ചുനിർത്തുന്ന ട്രബിൾ ഷൂട്ടറാണ് കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം ഇന്ത്യാ മുന്നണിയുടെ നേതൃനിരയിലും സുപ്രധാന പങ്കുവഹിക്കുന്നു. കെ.എം. കുൽസുവാണ് ഭാര്യ. ലസിത, ആഷിഖ് എന്നിവർ മക്കളാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

