ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം. പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എ.ഐ.സി.സി വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.
എ.ഐ.സി.സി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ‘ആരാണ് മുഖ്യമന്ത്രി?’ എന്ന ചോദ്യത്തിന് 11 ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഉത്തരമാകുന്നത്.
അവസാനഘട്ട ചർച്ചകളിൽ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും സജീവമായിരുന്നെങ്കിലും, തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുഖമായി മുന്നിൽ നിന്ന് നയിച്ചതും എൽ.ഡി.എഫിനെതിരെ ശക്തമായ പ്രചാരണം നടത്തിയതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി ഹൈക്കമാൻഡ് വിലയിരുത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്കും യു.ഡി.എഫ് ഉടൻ കടക്കും. മുസ്ലിം ലീഗിന് പുതിയ മന്ത്രിസഭയിൽ നിർണായക വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് സൂചന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

