മൃതദേഹം അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം; നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

Kannadiparamba online news

ബെംഗളൂരു:  കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ  അറിയിച്ചു. 

കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന  ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. 

ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 4 ദിവസത്തിന് ശേഷം ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജുനെ കാണാതായെന്ന വാർത്ത ആദ്യമായി പുറത്ത് വന്നത്. 

മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തിൽ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!