ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. സ്ഥാപകൻ അഭിജീത് ദീപ്കെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചെങ്കിലും പുതിയ അക്കൗണ്ട് തുടങ്ങി സി.ജെ.പി പ്രവർത്തനം തുടരുകയാണ്.
തുടക്കം വിവാദ പരാമർശത്തിൽ നിന്ന്
സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ (Cockroach) ഉപമിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് മേയ് 16-ന് സി.ജെ.പി രൂപീകരിച്ചത്. തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ യുവതലമുറയുടെ രോഷവും പരിഹാസവും ആവിഷ്കരിക്കുകയാണ് ഈ വേദി.
ബി.ജെ.പിയെ മറികടന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട്
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ 90 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കി സി.ജെ.പി അമ്പരപ്പിച്ചിരിക്കുകയാണ്. 2014 മുതൽ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന്റെ (87 ലക്ഷം) ഫോളോവേഴ്സിനെ മറികടക്കാൻ സി.ജെ.പിക്ക് സാധിച്ചു. വെറും 54 പോസ്റ്റുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ പ്രമുഖ നേതാക്കൾ ഇതിനകം സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ അഭിജീത് ദീപ്കെയാണ് ഈ ഡിജിറ്റൽ മുന്നണിയുടെ ശിൽപ്പി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

