കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 157 പേരുടെ മരണം സ്ഥിരീകരിച്ച ദുരന്തത്തിൽ ആകെ മരണം 160 കടന്നതായാണ് റിപ്പോർട്ട്. പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 2015-ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ നേരിടുന്ന എറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതാണ് ദുരന്തത്തിന് കാരണമായത്. ഇരച്ചെത്തിയ പ്രളയജലം രസുവ, ധാദിങ്, നുവാകോട്ട് എന്നീ ജില്ലകളിൽ വൻനാശനഷ്ടം വിതച്ചു. നദി കരകവിഞ്ഞൊഴുകിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തി. ബസുകളടക്കമുള്ള വാഹനങ്ങൾ ഒലിച്ചുപോകുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിന് താങ്ങായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ വ്യോമസേനാ വിമാനത്തിൽ എത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ അതിർത്തികളിലും ജാഗ്രത
നേപ്പാളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ അതിർത്തി സംസ്ഥാനങ്ങളിലും ആശങ്ക ഉയരുകയാണ്. പ്രളയം ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ബിഹാറിലെ പശ്ചിമ ചമ്പാരൻ, ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിലാണ് ജാഗ്രത പുലർത്തുന്നത്. ബിഹാറിൽ വാൽമീകിനഗർ ബാരേജിൻ്റെ മുഴുവൻ ഷട്ടറുകളും തുറക്കുകയും 5000-ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി 9 എൻ.ഡി.ആർ.എഫ് (NDRF) സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

