പഴയങ്ങാടി മാടായിക്കാവിൽ ഭക്തിസാന്ദ്രമായി തട്ടുപറി ചടങ്ങ്; ഉപക്ഷേത്രങ്ങളിലെ തെയ്യാട്ടങ്ങൾക്ക് പരിസമാപ്തി

Kannadiparamba online news
Screenshot

പഴയങ്ങാടി: മാടായിക്കാവ് ക്ഷേത്രപരിധിയിൽ വരുന്ന ഉപക്ഷേത്രങ്ങളിലെയും കാവുകളിലെയും തെയ്യാട്ടങ്ങൾക്ക് പരിസമാപ്തി കുറിച്ച് മാടായിക്കാവിൽ തട്ടുപറി ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു. മാടായിക്കാവ് കലശോത്സവത്തിന്റെ ഭാഗമായാണ് ഞായറാഴ്ച തട്ടുപറിച്ചടങ്ങ് നടന്നത്.

ദാരികവധ സ്മരണയുണർത്തുന്ന ചടങ്ങുകളോടെ കുഞ്ഞിമംഗലം കൊട്ടാരം തറവാട്, വെങ്ങര കൊള്ള്യൻവളപ്പിൽ- കക്കാടൻ തറവാട് എന്നിവിടങ്ങളിൽ നിന്നും കലശത്തട്ട് കൊണ്ടുവന്നു. മുൻ കാലങ്ങളിൽ കുഞ്ഞിമംഗലം, പട്ടുവം, വെങ്ങര, തെക്കുമ്പാട് എന്നീ നാല് ദേശക്കാർ കലശത്തട്ട് കൊണ്ടുവന്നിരുന്ന സ്ഥാനത്താണിത്. കവുങ്ങിൻ പൂക്കുല, ചെക്കിപ്പൂവ്, എരിക്കിൻപൂവ് തുടങ്ങിയ പൂക്കളുപയോഗിച്ചാണ് തട്ട് അലങ്കരിച്ചത്. തിരുവർകാട്ട് ഭഗവതിയുടെ തെയ്യങ്ങളുടെ തിരുമുടി ഉയർന്നപ്പോഴാണ് പ്രധാന ചടങ്ങായ തട്ടുപറി നടന്നത്.

മാടായിക്കാവിന്റെ വടക്കുഭാഗത്തുനിന്നാണ് തെയ്യങ്ങൾ പുറപ്പെട്ടത്. തിരുവർകാട്ട് ഭഗവതി, ക്ഷേത്ര പാലകൻ, മാഞ്ഞാളമ്മ, വേട്ടുവച്ചേകവൻ, ചുഴലി ഭഗവതി, കാളരാത്രി, സോമേശ്വരി എന്നീ ഏഴ് തെയ്യങ്ങളാണ് ഞായറാഴ്ച വൈകീട്ട് മാടായിക്കാവിൽ കെട്ടിയാടിയത്. മാടായിക്കാവ് കലശോത്സവത്തിന്റെ ഭാഗമായി നടന്ന തട്ടുപറിച്ചടങ്ങും തെയ്യങ്ങളെയും കാണാൻ കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!