നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്, അമരത്ത് ആര്യാടൻ ഷൗക്കത്ത്; തകർന്നടിഞ്ഞ് എൽ.ഡി.എഫ്, ശക്തികാട്ടി അൻവർ

Kannadiparamba online news

നിലമ്പൂർ: ഏറെ വാശിയേറിയ നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂർ തിരിച്ചു പിടിച്ച യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 11,432 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 76,493 വോട്ടും സ്വരാജ് 65,061 വോട്ടും പിടിച്ചു. 

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 19,946 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 8,706 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 2,401 വോട്ടും പിടിച്ചു. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മ​ണ്ഡ​ല​ത്തി​ലെ ആകെയുള്ള 2,32,057 വോ​ട്ട​ർ​മാ​രിൽ 1,76,069 പേരാണ് ഇത്തവണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്. 

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പ​ഞ്ചാ​യ​ത്തു​ക​ളിലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പു​ല​ർ​ത്തിയ നിലമ്പൂർ നഗരസഭയിലും ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​കളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി. 

അതേസമയം, യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും ശക്തികേന്ദ്രങ്ങളിൽ നിന്ന് പി.വി. അൻവർ വോട്ട് പിടിച്ചത് ഇരു മുന്നണികളെയും ഞെട്ടിച്ചു. യു.ഡി.എഫിന് മുൻതൂക്കമുള്ള വഴിക്കടവ് അടക്കമുള്ള പഞ്ചായത്തുകളിലും എൽ.ഡി.എഫിന് മുൻതൂക്കമുള്ള കരുളായി അടക്കമുള്ള പഞ്ചായത്തുകളിലും അൻവർ വോട്ട് പിടിച്ചു. 

1987 മുതൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദാണ് യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയായ നിലമ്പൂരിൽ തുടർച്ചയായി വിജയിച്ചിരുന്നത്. എട്ടു തവണയായ സീറ്റ് നിലനിർത്തിയ ആര്യാടൻ മുഹമ്മദിന്‍റെ പിൻഗാമിയായി രംഗത്തെത്തിയ മകൻ ആര്യാടൻ ഷൗക്കത്തിന് 2016ൽ യു.ഡി.എഫ് സീറ്റ് നിലനിർത്താൻ സാധിച്ചില്ല. 2016ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ 11,504 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തു. 

2021ലെ തെരഞ്ഞെടുപ്പിൽ ജനപ്രിയനും ഡി.സി.സി അധ്യക്ഷനുമായ വി.വി. പ്രകാശിനെ യു.ഡി.എഫ് കളത്തിലിറക്കി. എന്നാൽ, 2,700 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അൻവർ വിജയം ആവർത്തിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച പ്രകാശ്, വോട്ടെണ്ണലിന് മൂന്നു ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. 

2021ൽ പി.വി. അൻവറിന് 81,227 വോട്ടും വി.വി. പ്രകാശിന് 78,527 വോട്ടും ബി.ജെ.പി സ്ഥാനാർഥി അഡ്വ. ടി.കെ. അശോക് കുമാറിന് 8595 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി ബാബുമണി 3249 വോട്ടും നേടി. 76.60 ശതമാനം പോളിങ് നടന്ന 2021ൽ 1,73,205 വോട്ടുകളാണ് പോൾ ചെയ്തത്. മണ്ഡലത്തിൽ ആകെ 2,26115 വോട്ടാണ് ഉണ്ടായിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!