കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ച കേസ്സിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി പുല്ലൂക്കര സ്വദേശി സുഹൈലിനെ (38) മൈസൂരുവിൽ നിന്നാണ് കൊളവല്ലൂർ പോലീസ് പിടികൂടിയത്. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതികൂടിയായ ഇയാൾ കർണാടകത്തിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 24-നാണ് പാനൂർ ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽ പൂട്ടിയിട്ട നിലയിൽ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്. മേയ് 15-ന് രാത്രി കോഴിക്കോട്ടെ വീട്ടുപടിക്കൽ നിന്ന് പെൺകുട്ടിയെ ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം എന്നിവരടങ്ങുന്ന സംഘം കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
ചേവായൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഈ സംഘത്തിൽ നിന്നും പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് തിരൂരിൽ വെച്ചാണ് കുട്ടി സുഹൈലിനെ പരിചയപ്പെടുന്നത്. ജോലി ശരിയാക്കി നൽകാമെന്ന് പ്രലോഭിപ്പിച്ച് സുഹൈൽ പെൺകുട്ടിയെ ചെറ്റക്കണ്ടിയിലെ വാടകവീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് ദിവസങ്ങളോളം പൂട്ടിയിട്ട് സുഹൈലും മറ്റ് പലരും ചേർന്ന് പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ നിലവിൽ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

