പിലാത്തറ: ചെറുതാഴം മണ്ടൂരില്‍ ജുമാ മസ്ജിദിന് സമീപം നിർത്തിയിട്ട മരതടി കൊണ്ടുപോകുന്ന ലോറിയിൽ സിമന്റ് ബള്‍ക്കര്‍ ലോറി ഇടിച്ച് തീപിടുത്തം. രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് മാവുങ്കാലിലെഭാരത് ബെന്‍സ് ഷോറൂമിലെ മെക്കാനിക്ക് പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇ.വി.മുഹമ്മദ് ഷിബിൽ(22) ലോറിക്കകത്ത് വെന്തുമരിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മറ്റൊരു മെക്കാനിക്ക് കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടത്തെ ഇബി നെസര്‍ ആന്റോ (24)യെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡില്‍ മണ്ടൂര്‍ വലിയ ജുമാ അത്ത് പള്ളിക്ക് മുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. റോഡരികില്‍ തകരാറിലായി നിര്‍ത്തിയിട്ടിരുന്ന മര തടികയറ്റിയ ലോറിയില്‍ നിയന്ത്രണം വിട്ട സിമന്റ് ബള്‍ക്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലുണ്ടായ തീപിടുത്തത്തില്‍ മരതടികയറ്റിയ ലോറി പൂര്‍ണമായും കത്തിനശിച്ചു. തകരാറായ ലോറി ഭാരത് ബെന്‍സിന്റെ പെരിയയില്‍ നിന്നെത്തിയ മെക്കാനിക്കുമാര്‍ റിപ്പേർ ചെയ്തു കൊണ്ടിരിക്കേയാണ് അപകടം.
50 ടണ്ണോളം സിമന്റ് കയറ്റിവന്ന സിമന്റ് ബള്‍ക്കര്‍ നിയന്ത്രണം വിട്ട് തടിലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മെക്കാനിക്കുകളിലൊരാളായ ഇബിനൈസര് ആന്റോ ലോറിയില്‍നിന്നും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ലോറിയില്‍ കുടുങ്ങിക്കിടന്ന മുഹമ്മദ് സിബിലിനെ തീപിടുത്തത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.
തകരാറിലായ ലോറിക്ക് പിന്നിലായി നിര്‍ത്തിയിട്ടിരുന്ന ലോറിഉടമ ചീമേനിയിലെ സുബൈറിന്റെ കാറിനും നാശനഷ്ടം സംഭവിച്ചു. അപകടത്തെ തുടർന്ന്പള്ളിക്കാരും ഇതുവഴിവന്ന യാത്രക്കാരും വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. പരിയാരം പോലീസും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം ലോറിയില്‍ കുടുങ്ങിക്കിടന്ന മുഹമ്മദ് ഷിബിലിന്റെ മൃതദേഹം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
സിമന്റ് ബള്ക്കറിന്റെ ഡ്രൈവര്‍ ഇടുക്കി സ്വദേശി വിമലിന്(26) പരിക്കുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് റോഡിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. അപകടത്തില്‍ തൊട്ടടുത്തുള്ള മുസ്ലീം പള്ളിയുടെ മതില് തകര്‍ന്ന നിലയിലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി. സത്യന്, പി.പി. രാഹുല്‍, യു.കെ. ലിജീഷ്, എസ്് ജിഷ്ണു, സുര്‍ജിത്ത് യദുലാല്‍, ജിഷ്ണു ദേവ് എന്നിവരും ഹോംഗാര്‍ഡുമാരായ ദിനേശന്, കെ.എം. ഗോവിന്ദന്, ശ്രീജേഷ് എന്നിവരും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

