കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി വ്യാഴാഴ്ച പ്രസ്താവിക്കും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറയുന്നത്. വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയാനായി മാറ്റിയത്. സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് ഉൾപ്പെടെ 33 പ്രതികളാണ് ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
അന്നത്തെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് എം.എസ്.എഫ്. പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സി.ബി.ഐ. കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
2012 ഫെബ്രുവരി 20-നാണ് കണ്ണപുരം കീഴറ വള്ളുവൻ കടവിൽ വെച്ച് ഷുക്കൂർ കൊല്ലപ്പെടുന്നത്. കേസിൽ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാൽ, പ്രതികൾക്കെതിരെ പൊലീസിൽ മൊഴി നൽകിയ പ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവർ വിചാരണ വേളയിൽ കോടതിയിൽ ഹാജരായിരുന്നില്ല. ഇവരിൽ പലരും വിദേശത്തായതിനാൽ, ജയരാജനും രാജേഷിനുമെതിരെയുള്ള സി.ബി.ഐ.യുടെ ഗൂഢാലോചന വാദങ്ങളെ ഇത് എത്രത്തോളം ബാധിക്കുമെന്നത് നിയമവൃത്തങ്ങളിലും രാഷ്ട്രീയ കേരളത്തിലും വലിയ ചർച്ചാവിഷയമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

