അഴീക്കോട്: മൂന്നുനിരത്തിൽ തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിനിടെ യു.ഡി.എഫ് പ്രവർത്തകർ അക്രമം നടത്തിയതായി എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചു. യു.ഡി.എഫ് നടത്തിയ കല്ലേറിൽ നാല് എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് പരാതി. സി.പി.ഐ (എം) അഴീക്കോട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ടി.പി. ലത്തീഫ്, ഡി.വൈ.എഫ്.ഐ അഴീക്കോട് നോർത്ത് മേഖല പ്രസിഡന്റ് കെ.വി. അഭിജിത്ത്, എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം അനുഗ്രഹ്, കെ. രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നതെന്ന് എൽ.ഡി.എഫ് നൽകിയ വാർത്താക്കുറിപ്പിൽ പറയുന്നു. മൂന്നുനിരത്തിൽ എൽ.ഡി.എഫിന്റെ കൊട്ടികലാശം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകൾ ഉൾപ്പടെയുളള പ്രവർത്തകർക്കുനേരെ യു.ഡി.എഫ് പ്രവർത്തകർ കല്ലെറിയുകയായിരുന്നുവെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.
വൈകിട്ട് അഴീക്കലിലേക്ക് ബൈക്കിൽ പരിപാടിക്ക് വരികയായിരുന്ന എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യിലുണ്ടായിരുന്ന ചെങ്കൊടി ഓലത്താഴെയിൽവെച്ച് ലീഗ് പ്രവർത്തകർ പിടിച്ചുവലിച്ചതിനെച്ചൊല്ലി വാക്കേറ്റമുണ്ടായതായും, ഇതിൽ പ്രകോപിതരായ മുസ്‌ലിം ലീഗ്-യു.ഡി.എഫ് പ്രവർത്തകർ വൻകുളത്തുവയലിലെ കൊട്ടികലാശം കഴിഞ്ഞതിന് പിന്നാലെ സംഘടിച്ചെത്തി കല്ലെറിയുകയായിരുന്നുവെന്നും എൽ.ഡി.എഫ് പ്രസ്താവനയിൽ ആരോപിക്കുന്നു.
സി.പി. റഷീദ്, പി. സജീവൻ, അസ്നാഫ് കാട്ടാമ്പള്ളി, സി.കെ. അക്സർ, മിഷബ്, അജീർ തുടങ്ങിയ യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സി.പി.എം ആരോപിക്കുന്നു. വൻകുളത്തുവയൽ കേന്ദ്രീകരിച്ച് മാത്രം കൊട്ടികലാശം നടത്താൻ അനുമതിയുള്ള യു.ഡി.എഫുകാർ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനാണ് മൂന്നുനിരത്തിലേക്ക് എത്തിയതെന്നും എൽ.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തി.
പരിക്കേറ്റ് എ.കെ.ജി സഹകരണ ആശുപത്രിയിൽ കഴിയുന്നവരെ സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ്, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ്, എം. പ്രകാശൻ എന്നിവർ സന്ദർശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

