കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ അങ്കണവാടിയില്ലാത്ത ഏക വാർഡായ കോടിപൊയിലിൽ (വാർഡ് 7) അങ്കണവാടി അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയ്ക്ക് നിവേദനം നൽകി. ഷംസീർ കോടിപൊയിലിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ 500-ൽ അധികം ആളുകൾ ഒപ്പിട്ട നിവേദനമാണ് എം.എൽ.എയ്ക്ക് കൈമാറിയത്.
എൽ.ഡി.എഫ് കരിങ്കൽകുഴിയിൽ സംഘടിപ്പിച്ച വികസന സംവാദ സംഗമത്തിൽ വെച്ചാണ് നാട്ടുകാർ നിവേദനം സമർപ്പിച്ചത്. 400 വീടുകളിലായി 2600-ൽ പരം ജനങ്ങൾ അധിവസിക്കുന്ന വാർഡാണ് കോടിപൊയിൽ. ഇവിടെ അങ്കണവാടി ഇല്ലാത്തതിനാൽ കുട്ടികൾക്കും വയോജനങ്ങൾക്കും പുറമെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാകാത്ത സ്ഥിതിയാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ എം.എൽ.എ, ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി കോടിപൊയിലിൽ അങ്കണവാടി അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

