തെരുവുനായ പേടിയിൽ നാട്; പുല്ലൂപ്പിക്കടവിൽ നായക്കൂട്ടങ്ങളുടെ ഇടയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

Kannadiparamba online news

കണ്ണാടിപ്പറമ്പ: കഴിഞ്ഞ ദിവസം ചക്കരക്കല്ലിൽ നാൽപതോളം പേരെ തെരുവുനായ്ക്കൾ ആക്രമിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഇതിൽ ചിലർ ഗുരുതര പരിക്കുകളേറ്റ് ഇപ്പോഴും ആശുപത്രിയിൽ ആണ്.
തെരുവ് നായ ശല്യം രൂക്ഷമായതോടെ ഭീതിയുടെ നിഴലിലായിരിക്കുകയാണ് കണ്ണാടിപ്പറമ്പിലെ വിവിധ പ്രദേശങ്ങൾ. പ്രത്യേകിച്ച് പുല്ലൂപ്പിക്കടവിലും പരിസര പ്രദേശങ്ങളിലും കുട്ടമായെത്തുന ഇരുപതോളം നായ്ക്കളാണ് പ്രദേശത്തു ഭീതി പരത്തുന്നത്. പുല്ലൂപ്പി ടൂറിസം പദ്ധതി പ്രദേശം, പാലം, അഗസ്ത്യമുനി ക്ഷേത്ര പരിസരം, നിലവിൽ നാഷനൽ ഹൈവേ റോഡ് നിർമ്മാണം നടക്കുന്ന പുല്ലൂപ്പി പുഴയോടു ചേർന്ന പ്രദേശം എന്നിവിടങ്ങളിലാണു നായശല്യം ഏറി വരുന്നത്. നാട്ടുകാരെ കൂടാതെ പുല്ലൂപ്പി ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തുന്നവരും വഴിയാത്രക്കാരും നായയുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നതു ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്. നായകൾ ഇരുചക വാഹനങ്ങൾക്കു കുറുകെച്ചാടി യാത്രക്കാർ തെന്നിവീഴുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. പ്രഭാതസവാരി നടത്തുന്നവർ നായ്ക്കളെ ഭയന്നു വടിയെടുത്താണു ഇപ്പോൾ നടത്തം.
പാലത്തിന്റെ ഇരു ഭാഗങ്ങളും വിജനമാണ്. ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതും ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നതും പ്രദേശത്തു നായകൾ തമ്പടിക്കാൻ കാരണമാകുന്നു. തെരുവുനായ ശല്യം നിയ ന്ത്രിക്കുന്നതിനു മതിയായ നടപടികൾ സ്വീകരിച്ചു നാട്ടുകാരുടെ ഭീതിയകറ്റാൻ അധിക്യതർ തയ്യാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്:

“ഇന്നലെ (20/03/25, വ്യാഴാഴ്ച) രാത്രി. സ്ഥലം നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പാർക്കിന് സമീപം. എട്ടോളം തെരുവുനായ്ക്കൂട്ടങ്ങളിൽ നിന്ന് ഞാൻ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സംഭവം പറയാം.
പുല്ലൂപ്പിക്കടവും പരസരവും പാർക്ക് ഒൻപത് മണിക്ക് അടച്ചു കഴിഞ്ഞാലും അരയാലിൻ ചുവട്ടിലും മുനീറിന്റെ ചായ കടയിലുമൊക്കെയായി ഒരു പാടു പേർ സാധാരണയായി ഉണ്ടാവാറുണ്ട്. ഇന്നലെ പൊതുവെ ആൾക്കാർ കുറവായിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരുപാട് നായ്ക്കൂട്ടങ്ങൾ പാർക്കിന് സമീപത്തും രാത്രിയിൽ നിർത്തിയിട്ട ബസ്സിന് മറവിലും പുഴക്ക് അരികിലുമൊക്കെയായി കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. പകൽ സമയങ്ങളിൽ പോലും കൂട്ടം കൂട്ടമായി നടക്കുന്ന ഇവർ വഴിയാത്രക്കാർക്ക് ഭയപ്പാടുണ്ടാക്കുന്നുണ്ട്. ചില ദിവസങ്ങിൽ നായകൾ ബൈക്കിന്റെ പിന്നാലെയൊക്കെ ഓടാ റുണ്ട് എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് . എന്നാൽ... ഇന്നലെ രാത്രിയിൽ എനിക്കുണ്ടായ അനുഭവം ഇപ്പോൾ ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു .

കുറച്ച് സമയം പാർക്കിന് സമീപം ഇരുന്ന്‌ ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ പാർക്കിന് സമീപത്തെ പുളിമരത്തിനടുത്ത് നടുറോഡിൽ വെച്ച് …
എട്ടോളം നായ്ക്കൾ എന്റെ നേർക്ക് കുരച്ച് കൊണ്ട് ഓടി വന്നു . മനസ്സിൽ പേടിച്ച് ഭയന്ന് വിറച്ചിട്ടാണെങ്കിലും കുരച്ച് ചാടി കടിക്കാൻ തയ്യാറായി നിൽക്കുന്ന നായ്ക്കൂട്ടത്തിന്റെ നടുവിൽ നിന്ന് ഞാനും നായ്ക്കൾക്ക് നേരെ അലറാനും കൈ കൊണ്ടും കാലുകൾ കൊണ്ടും പ്രതിരോധിക്കുന്നതു പോലെ ചലിപ്പിക്കാനും തുടങ്ങി. ശരീരം പരമാവധി മടങ്ങി കൊണ്ട് നായകളുമായി നേർക്കുനേരെയാണ് ഞാൻ ഇത്രയും കാട്ടിക്കൂട്ടുന്നത് എന്നതാണ് സത്യം. മടങ്ങി നിവരുന്നതിനിടയിൽ കാലിൽ നിന്ന് രണ്ട് ചെരിപ്പും ഞാൻ കൈയ്യിലെടുത്ത് കൊണ്ട് റോഡിൽ പരമാവധി അടിക്കാനും ഓടി വരണേയെന്ന് നിലവിളിക്കാനും തുടങ്ങി. ചെരിപ്പ് അടിക്കുന്ന ഒച്ചയും പേടിയോടെ തൊണ്ട പൊട്ടുമാറുള്ള എന്റെ ശബ്ദങ്ങളും ചലനങ്ങളുമൊക്കെയാണ് നായ്ക്കൾ ഓരോ സ്റ്റെപ്പും പിന്നോട്ട് വെക്കുന്നത് എന്ന് എനിക്ക് മനസ്സിലായി .
കുറച്ച് സമയം കൂടി ഇങ്ങനെ തുടരുമ്പോഴെക്കും മുനീറിന്റെ കടയിൽ നിന്ന് എന്റെ സുഹൃത്തായ അത്താഴക്കുന്നിലെ മത്സ്യതൊഴിലാളിയായ ഫൈസലും കൂട്ടുകാരും ഓടിയെത്തിയിരുന്നു. അവരെല്ലാവരും നായകളെ തുരത്തി ഓടിച്ചു. ഇത്രയധികം പട്ടികൾ വളഞ്ഞ് നിന്നിട്ടും കടിയേറ്റില്ലേ എന്നും തള്ളാണ് എന്നുമൊക്കെ ചിലർക്ക് തോന്നുന്നുണ്ടാവുമായിരിക്കും, സ്വാഭാവികം! എന്നാൽ അയ്യോ..എന്ന് കരഞ്ഞ് നിലവിളിച്ച് ഞാൻ ഓടുവാനാണ് ശ്രമിച്ചിരുന്നെങ്കിൽ ഇന്നു ഞാൻ ഉണ്ടാവുമായിരുന്നില്ല. എന്നെ ആ പട്ടിക്കൂട്ടങ്ങൾ
കടിച്ച് പറിച്ച് അവരുടെ ഭക്ഷണമാക്കി തീർത്തേനെ! ഭാവിയിൽ പുല്ലൂപ്പിക്കടവ് പാർക്കിലേക്കുള്ള വിനോദ സഞ്ചാരികളുടെ നേരെ സ്തീകളുടെ നേരെ കുട്ടികളുടെ നേരെ സാധാരണ ജനങ്ങളുടെ നേരെ തെരുവുനായകളുടെ ശല്യം ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തതിന് വേണ്ടി അധികാരികൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കും എന്ന വിശ്വാസത്തിലാണ് എന്റെ അനുഭവം. ഈ സംഭവം എഴുത്തിലൂടെ അറിയിക്കുന്നത്..”

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!