പയ്യന്നൂർ: പയ്യന്നൂർ പുതിയ ബസ്റ്റാൻ്റിന് സമീപത്തെ ഷോപ്രിക്സ് സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം.ഇന്നലെ രാത്രി 10.45 മണിയോടെയാണ് തീപിടുത്തം. രണ്ടു കോടിയുടെ നാശനഷ്ടം വിവരമറിഞ്ഞ് സ്ഥലത്തെത്തിയആറ് യൂണിറ്റ് അഗ്നിരക്ഷാസേന മൂന്നു മണിക്കൂർ നേരത്തെ ശ്രമഫലമായാണ് തീ അണച്ചത്.
രണ്ടാം നിലയിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്സ് സേന എത്തിയാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്. മുകളിലെ ത്തെ നിലയിൽ തീ ആളിപ്പടരുന്നത് നിയന്ത്രണ വിധേയമാക്കുക ദുഷ്കരമായതിനാൽ പെരിങ്ങോം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളെക്കൂടി സ്ഥലത്തെത്തിച്ചിരുന്നു.
കഠിനമായ ചൂടും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഒടുവിൽ റോഡരികിൽ നിന്ന് മുകൾ നിലയിലേക്ക് ഏണിവെച്ച് കയറി മുൻഭാഗത്തെ ഗ്ലാസ് തകർത്ത് അതിലൂടെ വെള്ളം ചീറ്റിച്ചാണ് തീയണച്ചത്.
അഗ്നിബാധയിൽ ഫ്രിഡ്ജുകളിലെ ഗ്യാസ് സിലിണ്ടറുകൾ ഒന്നിന് പിറകെ മറ്റൊന്നായി പൊട്ടിത്തെറിച്ചതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടസാധ്യത കണക്കിലെടുത്ത് കെഎസ്ഇബി അധികൃതർ ഫീഡർ ഓഫ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.ജില്ലാ ഫയർ ഓഫീസർ ബിജുമോൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളാണ് സാഹസികമായ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. പുലർച്ചെ രണ്ടോടെയാണ് പൂർണമായും തീയണക്കാൻ കഴിഞ്ഞത്. തീയണക്കുന്നതോടൊപ്പം തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവുംകൂടിയായപ്പോൾ രക്ഷാപ്രവർത്തനം സാഹസികമായിരുന്നു.
നാശനഷ്ടങ്ങളുടെ കണക്കുകൾ വ്യക്തമായിട്ടില്ല
തീ പിടുത്തത്തിൻ്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടി വരുമെന്നും ഫയർഫോഴ്സ് സംഘം അറിയിച്ചു.രണ്ടു കോടിയുടെ നാശ നഷ്ടമുണ്ടായെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.2020 മാർച്ച് 20 നും ഈ സ്ഥാപനത്തിൻ്റെ അടുക്കള, മെസ് എന്നിവ പ്രവർത്തിച്ചിരുന്ന ഏറ്റവും മുകളിലെത്തെ നിലയിൽ തീപിടുത്തമുണ്ടായിരുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് തീപിടുത്തത്തിലൂടെ അന്ന് സംഭവിച്ചതെന്ന് പരാതിയിൽ ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

