തളിപ്പറമ്പ്:പതിറ്റാണ്ടുകൾക്കു മുമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ വരിക്കേട്ട മഠം നാരായണ വാര്യർ ഭാഗവതരുടെ അടുത്തേക്ക് സംഗീതം പഠിക്കാൻ വിശ്വനാഥൻ എന്ന പത്താംതരം കഴിഞ്ഞ വിദ്യാർത്ഥി എത്തിച്ചേർന്നത്
മലയാളക്കരയറിയുന്ന സംഗീതജ്ഞനായി വളരണമെന്ന മോഹവുമായിട്ടായിരുന്നു.
ഏറെ വർഷങ്ങൾക്ക് ശേഷം ആ മോഹം പൂവണിഞ്ഞുവെങ്കിലും ഇനിയൊരു പാട്ടിൻ്റെ പല്ലവി പാടാതെ മാഷ് വിട പറഞ്ഞു.
ജയസൂര്യ നായകനായ “വെള്ളം ” എന്ന ചലച്ചിത്രത്തിലൂടെയാണ് വിശ്വനാഥൻ എന്ന ഗായകൻ മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.
പ്രിയ സ്നേഹിതനും ശിഷ്യനുമായ മുരളി കുന്നുമ്പുറത്താണ് വിശ്വനാഥന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. വിശ്വനാഥന്റെ ഒരു പാട്ട്
” വെള്ളം ” സിനിമയുടെ സംവിധായകനായ പ്രജേഷ് സെന്നിനെ
പാടി കേൾപ്പിക്കുകയായിരുന്നു. പ്രജേഷിലൂടെ ” വെളള ” ത്തിന്റെ സംഗീത സംവിധായകനായ ബിജിപാൽ കേൾക്കുകയും അദ്ദേഹം തന്റെ തൃപ്തി അറിയിക്കുകയും ചെയ്തു. അങ്ങിനെയാണ്
” വെള്ളം” സിനിമയിൽ പാടാനുള്ള ഭാഗ്യം വിശ്വനാഥന് കൈവന്നത്.
നവ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു വിശ്വനാഥൻ പാടിയ ” ഒരു കുറി കണ്ടു നാം പിരിക്കുന്ന നേരം നിൻ മിഴികളിലെൻ മനം മറന്നു വെച്ചു. “എന്ന ഗാനം. നാരായണവാര്യർ ഭാഗവതർ എന്ന സംഗീത ഗുരുവിന്റെ അടുക്കലേക്ക് വിശ്വനാഥനെ കൊണ്ടുവിടുന്നത് അമ്മാവനായ സർ സയ്യിദ് കോളേജിലെ പ്രൊഫസറായിരുന്ന എം.വി.കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. അന്ന് തുടങ്ങിയ സംഗീത പാഠങ്ങളാണ് വിശ്വനാഥനെ ചലച്ചിത്ര പിന്നണി ഗായകനാക്കി മാറ്റിയത്.
ഒരു സുപ്രഭാതത്തിൽ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചേർന്നതല്ല വിശ്വൻ മാഷുടെ സംഗീത ജീവിതം.
സംഗീതത്തെ കഠിന തപസ്സാക്കി മാറ്റിയ ഈ യാത്രക്ക് മൂന്നു പതിറ്റാണ്ടിലധികം നീളുന്ന സംഗീതാനുഭവങ്ങളുണ്ട്.
കൊട്ടാരം യു.പി.സ്ക്കൂളിൽ പഠിക്കുമ്പോൾ ബാലകലോത്സവങ്ങളിൽ ലളിതഗാന മത്സരത്തിൽ പങ്കെടുത്തു കൊണ്ടാണ് സംഗീത രംഗത്തേക്കുള്ള വിശ്വനാഥന്റെ ചുവട് വെപ്പ്.
മൂത്തേടത്ത് ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ കഥകളി സംഗീതത്തിൽ നീലമന കൃഷ്ണൻ നമ്പൂതിരി മാഷുടെ ശിക്ഷണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനക്കാരനായി.
പിന്നീട് പയ്യന്നൂർ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠനം നടത്തുന്ന കാലത്താണ് സംഗീതം തന്നെയാണ് തന്റെ വഴിയെന്ന് വിശ്വനാഥൻ തിരിച്ചറിയുന്നത്.
കോഴിക്കോട് വെച്ചു നടന്ന കോഴിക്കോട് സർവ്വകലാശാല ഇൻറർസോൺ കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ സംഗീതവഴിയിൽ ശ്രദ്ധിക്കപ്പെട്ടു.
പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ കോളേജുകളിലെ പ്രതിഭകളെ പിന്തള്ളിയാണ് വിശ്വനാഥൻ ഒന്നാം സ്ഥാനം നേടിയത്. അതോടെ യൂണിവേഴ്സിറ്റി ക്വയറിൽ അംഗമായി. ഈ ഗാനം വിശ്വനാഥനെ പഠിപ്പിച്ചത് പിൽക്കാലത്ത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകരായി അറിയപ്പെട്ട സതീഷ് – വിനോദ് എന്നിവരിലെ വിനോദ് ആണ്.അദ്ദേഹത്തോടുള്ള കടപ്പാട് എല്ലാ കാലത്തും വിശ്വനാഥൻ മനസ്സിൽ സൂക്ഷിച്ചിരുന്നു.
കോഴിക്കോട് സർവകലാശാല ക്വയറിൽ അംഗമായിരിക്കെ പത്തു ദിവസത്തോളം തേഞ്ഞിപ്പാലത്തെ ക്യാമ്പസിൽ വെച്ച് സംഗീത രംഗത്തെ അത്ഭുത പ്രതിഭകളായ ദേവരാജൻ മാസ്റ്ററുടെയും, മാധുരി ടീച്ചറുടെയും ശിക്ഷണത്തിൽ പഠിക്കാനായതും സംഗീത ജീവിതത്തിലെ വലിയ അനുഭവമായി മാഷ് പറയുമായിരുന്നു.
അക്കാലത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പഠിച്ചിരുന്ന തളിപ്പറമ്പ മുയ്യം സ്വദേശി കാവളാൻ രാഘവനായിരുന്നു ഹോസ്റ്റൽ മുറിയിൽ താമസിക്കാനുള്ള സൗകര്യം വിശ്വനാഥന് ചെയ്ത് കൊടുത്തത്. ( ഡോ. രാഘവൻ കാവളാൻ )
ക്വയറിലെ അംഗങ്ങളായിരുന്ന പാലക്കാട് ചിറ്റൂർ മ്യൂസിക് കോളേജിലെ വിദ്യാർത്ഥികളുടെ നിർദേശമാണ് പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട സംഗീത പഠനം തുടരാൻ വിശ്വനാഥനെ പ്രേരിപ്പിച്ചത്.
അങ്ങിനെ വർഷങ്ങൾക്ക് ശേഷം നാരായണ വാര്യർ ഭാഗവതർ എന്ന സംഗീത ഗുരുവിന്റെയടുത്തേക്ക് വിശ്വനാഥൻ വീണ്ടും എത്തിച്ചേർന്നു. പിന്നീടുള്ള അഞ്ചു വർഷക്കാലം ഭാഗവതരുടെ കീഴിൽ തന്നെയായിരുന്നു പഠനം.
നാരായണവാര്യർ ഭാഗവതരുടെ കീഴിലുള്ള പഠന കാലത്ത് തന്നെ കണ്ണൂർ “മെലഡീസ്
ഓർക്കസ്ട്ര “യുടെ സ്റ്റേജ് പരിപാടികളിൽ പാടിത്തുടങ്ങി. മറ്റ് ട്രൂപ്പുകൾക്കു വേണ്ടിയും പാടി.
കോഴിക്കോട് “മ്യൂസിക് സിറ്റി ” സ്റ്റുഡിയോയിൽ സഹോദരൻ
രത്നപാലിനൊപ്പം പിന്നണി പാടാൻ പോയ അനുഭവവും വിശ്വനാഥനുണ്ട്.
പിൽക്കാലത്ത് ഭക്തിഗാനങ്ങളും, ഓണപ്പാട്ടുകളും വിശ്വനാഥന്റെ സ്വരമാധുരിയിൽ പുറത്തുവന്നു.
സംഗീത സംവിധായകനായും, ഗായകനായും രംഗത്തേക്ക് വരുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചന്ദ്രൻ നരിക്കോടിന്റെ “ബിംബങ്ങൾ ” എന്ന ടെലിഫിലിമിലൂടെയാണ്.
സംഗീത സംവിധായകൻ കൂടിയാണ് വിശ്വനാഥൻ എന്ന കാര്യം അധികമാർക്കും അറിയില്ല.
2011 – ൽ
വിജേഷ് വിശ്വം എഴുതി
ഹരി വേണുഗോപാൽ പശ്ചാത്തല സംഗീതം നിർവഹിച്ച “പറയാതെ വയ്യെന്റ തോഴി” എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് വിശ്വനാഥൻ ആയിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീനിവാസൻ ആയിരുന്നു പ്രസ്തുത ഗാനം ആലപിച്ചത്.
തളിപ്പറമ്പിലെ പ്രശസ്തമായ
” മിൽട്ടൺസ് ” ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായും, കെ.എസ്.ആർ.ടി.സി.കണ്ണൂർ ഡിപ്പോയിൽ ജൂനിയർ അസിസ്റ്റന്റായും, ബാംഗ്ലൂരിൽ റസ്റ്റോറന്റ് മാനേജരായും, മാർക്കറ്റിങ്ങ് എക്സിക്യുട്ടീവായും ജോലി നോക്കിയെങ്കിലും എവിടെയും ഉറച്ചു നിൽക്കാൻ കഴിയാതിരുന്നത് സംഗീതത്തോടുള്ള ആത്മസമർപ്പണം കൊണ്ടായിരുന്നു.
തളിപ്പറമ്പ കീഴാറ്റൂർ പുതിയ വീട്ടിൽ കണ്ണന്റെയും മീത്തലെ വീട്ടിൽ കാർത്യായനിയുടെയും മകനാണ് വിശ്വനാഥൻ.
രാജം, രത്നപാൽ, സുഹജകുമാരി, ധനഞ്ജയൻ എന്നിവർ സഹോദരങ്ങളാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

