കണ്ണൂർ: ശുചിത്വമാലിന്യപരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറാതെ കൂട്ടിയിട്ടതിനും കത്തിച്ചതിനും ചക്കരക്കൽ ടൗണിലുള്ള രണ്ട് വ്യാപാരസ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ ചക്കരക്കൽ ടൗണിൽ അഞ്ചരക്കണ്ടി റോഡിലെ ഓട്ടോമാക് ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെ വർക്ക്ഷോപ്പിനു സമീപത്തായി തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തി. കൂടാതെ ന്യൂ മഹൽ ടൈൽസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഗോഡൗണിന് മുന്നിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. മാലിന്യക്കൂനയിൽ ഉണ്ടായിരുന്ന പഴയ ടയറുകളുടെ ഉള്ളിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്നതായും സ്ക്വാഡ് കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും 5000 രൂപ വീതം പിഴ ചുമത്തി മാലിന്യം നീക്കം ചെയ്യിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ജില്ലാ സ്ക്വാഡ് ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിന്ദു എം., ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

