കണ്ണൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ആസാം സ്വദേശി അറസ്റ്റിൽ. അസം സ്വദേശിയായ റഫീജുൽ ഇസ്ലാം (29) ആണ് ഭാര്യ സജദ ഖാത്തുവിനെ (23) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയലിലെ വാടകവീട്ടിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം നേരിട്ട് സ്റ്റേഷനിൽ ഹാജരായ പ്രതിയെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചിറ്റാരിപ്പറമ്പിൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു റഫീജുൽ ഇസ്ലാം. കഴിഞ്ഞ ഒരാഴ്ചയായി ദമ്പതികൾ തമ്മിൽ വിവിധ വിഷയങ്ങളിൽ അസ്വാരസ്യം നിലനിന്നിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഇരുവരും തമ്മിൽ ശക്തമായ തർക്കമുണ്ടായതായും വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു. ഭാര്യയുമായി താൻ ഏറെക്കാലമായി അകൽച്ചയിലായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ദമ്പതികൾക്ക് രണ്ടര വയസ്സുള്ള ഒരു കുട്ടിയുണ്ട്.
കൊലപാതകത്തിന് ശേഷം സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സജദ ഖാത്തുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആസാമിൽ നിന്ന് ബന്ധുക്കൾ എത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

