കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥി ശിവസൂര്യയെ (17) കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ കാണാതായി മൂന്ന് മാസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അന്വേഷണ സംഘത്തെയോ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് അഭ്യർത്ഥിച്ചു.
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ശിവസൂര്യയെ ഓഗസ്റ്റ് എട്ടിനാണ് കാണാതായത്. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.45ന് ശേഷം സ്കൂൾ ബാഗുമായി ശിവസൂര്യ പൂമരം ജംഗ്ഷൻ ഭാഗത്തേക്ക് വേഗത്തിൽ നടന്നുപോകുന്നത് രണ്ടുപേർ കണ്ടിരുന്നു. എന്നാൽ ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടി മൈസൂരുവിലേക്ക് പോയിരിക്കാമെന്ന കുടുംബത്തിന്റെ സംശയത്തെ തുടർന്ന് പൊലീസ് സംഘം അവിടെയെത്തി തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് ബംഗളൂരു, ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചന കിട്ടിയില്ല.
പ്രാദേശിക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും, അന്വേഷണം കാശിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ശിവസൂര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നേരത്തേയുള്ള ആക്ഷൻ കൗൺസിലിന് പുറമേ കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

