ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്റെ ആധികാരിക ജയം. 372 റൺസെന്ന വമ്പൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ആതിഥേയരായ ശ്രീലങ്ക 206 റൺസിന് ഓൾഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ മാനവ് സുതാറാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.
ലങ്കയുടെ ചെറുത്തുനിൽപ്പ്
നാലിന് 84 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്കായി ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയും സോണൽ ദിനുഷയും പൊരുതിനിന്നു. 202 പന്തുകൾ നേരിട്ട ഈ സഖ്യം ആദ്യ സെഷനിൽ ഇന്ത്യയെ ശരിക്കും പരീക്ഷിച്ചു. ഒടുവിൽ 56-ാം ഓവറിൽ 59 റൺസെടുത്ത ധനഞ്ജയ ഡിസിൽവയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് നിർണ്ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സോണലിനൊപ്പം 95 റൺസ് ചേർത്ത ശേഷമാണ് ക്യാപ്റ്റൻ മടങ്ങിയത്. പിന്നാലെ നിരോഷ ഡിക്വെല്ലയെ (10) പ്രസിദ്ധ് കൃഷ്ണയും മടക്കി.
സുതാറിന്റെ മാന്ത്രിക സ്പെൽ
ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ സോണൽ ദിനുഷ രണ്ടാം ഇന്നിങ്സിലും മികച്ച ഫോമിലായിരുന്നു. കേശാര നുവാന്തയെ കൂട്ടുപിടിച്ച് 91 പന്തുകൾ നേരിട്ട് 43 റൺസ് ചേർത്ത ദിനുഷ ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചാണ് ക്രീസിൽ തുടർന്നത്. എന്നാൽ 76-ാം ഓവറിൽ 84 റൺസെടുത്ത ദിനുഷയെ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാർ ലങ്കയുടെ അവസാന പ്രതീക്ഷയും കെടുത്തി. തുടർന്ന് പ്രഭാത് ജയസൂര്യ, ലഹിരു കുമാര, കേശാര നുവാന്ത എന്നിവരെക്കൂടി പുറത്താക്കി സുതാർ ലങ്കൻ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
നിഷാൻ മധുഷ്ക (6), ലാഹിരു ഉദാര (16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെൻഡിസ് (2) എന്നിവരാണ് ലങ്കൻ നിരയിൽ നേരത്തെ പുറത്തായ മറ്റ് താരങ്ങൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

