ചപ്പാരപ്പടവ്: നാടുകാണി കിൻഫ്രയിൽ പ്രവർത്തിക്കുന്ന ‘ആർട്ടോകാർപ്പസ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന് മലിനജലം ഒഴുക്കി വിട്ടതിന് അര ലക്ഷം രൂപ പിഴ. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിഴ ചുമത്തിയത്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്ക്വാഡിന്റെ മിന്നൽ പരിശോധന.
സ്ഥാപനത്തിലെ ബയോ ഗ്യാസ് ടാങ്കിൽ ശേഖരിച്ച മലിനജലമാണ് മഴവെള്ളം ഒഴുകിപ്പോകാൻ മണ്ണിനടിയിൽ ഇട്ടിരിക്കുന്ന വലിയ കോൺക്രീറ്റ് പൈപ്പുകൾ വഴി പുറത്തേക്ക് ഒഴുക്കിയത്. കിൻഫ്രാ കോമ്പൗണ്ടിന് പുറത്തെത്തിയ മലിനജലം, കെ.വി. സുരേഷ്, മധു എന്നിവരുടെ സ്വകാര്യ പറമ്പുകളിലൂടെ ഒഴുകി ഏകദേശം 400 മീറ്റർ അകലെയുള്ള കൂവേരി-ചപ്പാരപ്പടവ് റോഡിൽ ശ്രീ മാന്യ മംഗലത്തിന് സമീപത്തെ ഓവുചാലിലാണ് എത്തിയത്.
മലിനജലം ഒഴുകിയെത്തിയ വഴി പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിൽ നിന്നാണ് ഇത് വരുന്നതെന്ന് സ്ക്വാഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവിടെ നിന്ന് മലിനജലം ഒഴുക്കിവിട്ടിരുന്നു. അര ലക്ഷം രൂപ പിഴ ചുമത്തിയതിന് പുറമെ, സ്ഥാപനത്തിനെതിരെ കർശനമായ തുടർനടപടികൾ സ്വീകരിക്കാൻ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്ക്വാഡ് നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി.പി, സ്ക്വാഡ് അംഗം അലൻ ബേബി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, ക്ലാർക്ക് ബോബി എം. ദാസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

