തിരുവനന്തപുരം/കണ്ണൂർ: എക്‌സാലോജിക് – സി.എം.ആർ.എൽ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) മിന്നൽ റെയ്ഡ്. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയടക്കം പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇ.ഡി. ഒരേസമയം പരിശോധന നടത്തുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിലും കണ്ണൂർ പിണറായിയിലുള്ള സ്വന്തം വസതിയിലുമാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ പിണറായി വിജയനും മകൾ വീണാ വിജയനും ഉൾപ്പെടെയുള്ളവർ ഉള്ളപ്പോഴാണ് ഇ.ഡി. സംഘമെത്തിയത്. കണ്ണൂരിലെ വസതിയിൽ രാവിലെ ആറ് മണിക്ക് ഉദ്യോഗസ്ഥരെത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് കെയർടേക്കറെ വിളിച്ചുവരുത്തി വീട് തുറപ്പിച്ചാണ് പരിശോധന ആരംഭിച്ചത്. റെയ്ഡ് വിവരമറിഞ്ഞ് വൻതോതിൽ സി.പി.ഐ.എം പ്രവർത്തകർ പിണറായിയിലെ വീടിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുന്നുണ്ട്.
മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലും രാവിലെ ആറരയോടെ ഇ.ഡി. സംഘമെത്തി പരിശോധന ആരംഭിച്ചു. എന്നാൽ ഈ സമയം റിയാസ് വീട്ടിലുണ്ടായിരുന്നില്ല. ആലുവയിലെ സി.എം.ആർ.എൽ ഓഫീസ്, ബംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ്, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചും റെയ്ഡ് പുരോഗമിക്കുകയാണ്.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സലോജിക്കിന് സി.എം.ആർ.എൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി. അന്വേഷണം നടത്തുന്നത്. ഈ കേസിൽ ഇ.ഡി. അന്വേഷണവും സമൻസും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളെ പിടിച്ചുലച്ച ഈ മിന്നൽ റെയ്ഡ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

