കോടിപൊയിലിൽ പുതിയ അംഗൻവാടി അനുവദിക്കണം; ശിശുവികസന പദ്ധതി ഓഫീസർക്ക് നിവേദനം നൽകി

Anees kannadiparamba

കൊളച്ചേരി :എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനിൽ ഉൾപ്പെടുന്ന കോടിപൊയിൽ പ്രദേശത്ത് പുതിയ അംഗൻവാടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിശുവികസന പദ്ധതി ഓഫീസർക്ക് (ICDS) നിവേദനം നൽകി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ശ്രീധരൻ സംഘമിത്രയാണ് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം സമർപ്പിച്ചത്.

നിലവിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന കോടിപൊയിൽ പ്രദേശത്ത് അംഗൻവാടി സൗകര്യമില്ല. നാനൂറിലധികം വീടുകളിലായി രണ്ടായിരത്തോളം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് അംഗൻവാടി വഴിയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലെ പ്രയാസം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഈ പ്രദേശത്തുകാർ ആശ്രയിക്കുന്ന കാവുംചാൽ, പള്ളിപ്പറമ്പ് അംഗൻവാടികളിലേക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നത് ചെറിയ കുട്ടികൾക്കും പ്രായമായവർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. യാത്രാസൗകര്യങ്ങളുടെ കുറവും പ്രശ്നം സങ്കീർണ്ണമാക്കുന്നു.

ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാർ, വയോജനങ്ങൾ എന്നിവർക്ക് ലഭിക്കേണ്ട സേവനങ്ങളും ഈ പ്രദേശത്ത് കൃത്യമായി എത്തുന്നില്ല. അംഗൻവാടിക്കായി സ്വന്തം കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കാൻ തയ്യാറാണെന്നും കെട്ടിടം പൂർത്തിയാകുന്നത് വരെ താൽക്കാലിക സൗകര്യം ഏർപ്പെടുത്താമെന്നും നിവേദനത്തിൽ അറിയിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ഈ ദീർഘകാല ആവശ്യം പരിഗണിച്ച് സത്വര നടപടികൾ സ്വീകരിക്കണമെന്ന് പി. ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!