കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. ക്ഷേത്രോത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
വൈകിട്ട് അഞ്ചര മണിയോടെ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പിതാംബരൻ, ഗോകുൽ എന്നീ ആനകൾ ഇടഞ്ഞത്. ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായ വരവ് വരുന്നതിനിടെ പടക്കം പൊട്ടിച്ചിരുന്നു.
പടക്കത്തിന്‍റെ അതിശക്തമായ ശബ്ദം കേട്ടാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്ത് നിന്നിരുന്ന മറ്റൊരാനയുടെ പിന്നിൽ കുത്തുകയായിരുന്നു. ഈ സമയത്ത് രണ്ട് ആനകളും ഇടഞ്ഞോടി. ക്ഷേത്രപരിസരത്ത് നിന്ന് പ്രധാന റോഡിലേക്കാണ് ആനകൾ ഓടിയത്.
അവസാന ദിനമായ ഇന്ന് വൈകിട്ട് ഉത്സവത്തിൽ പങ്കെടുക്കാൻ കൂടുതൽ പേർ ക്ഷേത്രത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം. ഉത്സവത്തിനായി ക്ഷേത്രത്തിന് സമീപം തയാറാക്കിയ ദേവസ്വം ഓഫിസും ആന തകർത്തു. ഏറെ നേരത്തെ പരിശ്രമത്തെ തുടർന്ന് രണ്ട് ആനകളെയും തളച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

