തിരുവല്ലം ബൈക്ക് അപകടത്തിൽ വൻ വഴിത്തിരിവ്; ഐടി ജീവനക്കാരുടെ മരണം കാറിടിച്ചാണെന്ന് കണ്ടെത്തൽ, ഡ്രൈവർ കസ്റ്റഡിയിൽ

Kannadiparamba online news
Screenshot

തിരുവല്ലം: കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ടുപേർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. കാർ ഇടിച്ചതിനെ തുടർന്നാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതെന്ന് പോലീസ് കണ്ടെത്തി. കഴക്കൂട്ടം യു.എസ്.ടി. ഗ്ലോബൽ ജീവനക്കാരൻ നവീൻ സിബി (25), കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യ ലിമിറ്റഡ് ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30-ഓടെ പാച്ചല്ലൂരിലെ ടോളിനടുത്തായിരുന്നു നാടിനെ നടുക്കിയ അപകടം.

ആദ്യഘട്ടത്തിൽ ബൈക്ക് സ്വയം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ അപകടസ്ഥലം സന്ദർശിച്ച തിരുവല്ലം പോലീസിന് തോന്നിയ ചില സംശയങ്ങളാണ് യഥാർത്ഥ കാരണം പുറത്തുകൊണ്ടുവന്നത്. അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഹാൻഡിലിൽ മറ്റൊരു കാറിന്റെ പെയിന്റ് പുരണ്ടിട്ടുണ്ടായിരുന്നതും മറ്റ് ചില അസ്വാഭാവികതകളുമാണ് പോലീസിന് സൂചന നൽകിയത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കാറിടിച്ചാണ് അപകടമുണ്ടായതെന്ന് വ്യക്തമാവുകയായിരുന്നു.

അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണ മൃദുല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. അന്വേഷണത്തിനൊടുവിൽ മാറനല്ലൂർ സ്വദേശിയായ കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. അപകടമുണ്ടായപ്പോൾ ഭയന്നുപോയതിനാലാണ് കാർ നിർത്താതെ പോയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.

എറണാകുളം മുളവൂർ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശിയായ സിബി ജോസഫിന്റെയും ശാലിനിയുടെയും മകനാണ് മരിച്ച നവീൻ സിബി. നവ്യ സിബിയാണ് സഹോദരി. ഇടുക്കി തൊടുപുഴ കരിങ്കുന്നം മ്രാല സ്വദേശിയായ ഉമ്മൻ വർഗീസിന്റെയും സജി ഉമ്മന്റെയും മകളാണ് മരിച്ച മൃദുല ആൻ ഉമ്മൻ. മഹിമ മറിയാൻ ഉമ്മൻ, മേഘ സൂസൻ ഉമ്മൻ എന്നിവർ സഹോദരങ്ങളാണ്. കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവറെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!