ഭരണമികവിന്റെ കരുത്തുമായി ടി.വി. ഷമീമ; കൊളച്ചേരിയുടെ വികസനക്കുതിപ്പിന് പുതിയ സാരഥ്യം

Kannadiparamba online news

കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ ടി.വി ഷമീമയെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ചെറുക്കുന്ന് വാർഡിലെ കെ വത്സനും തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ടി വി ഷമീമയും, കെ വത്സനും അധികാരമേറ്റു. വരണാധികാരികൂടിയായ വളപട്ടണം സബ് രജിസ്ട്രാർ വിനേഷ് പ്രസിഡണ്ടിനു സത്യവാചകം ചൊല്ലികൊടുത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി ടി.വി ഷമീമയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർഥി എൽ ഡി. എഫിലെ ദീപ പി.കെ യ്ക്ക് 5 വോട്ടുകളും ലഭിച്ചു. പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗമായ ഗീത വി.വി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

2015-20 വർഷത്തെ കൊളച്ചേരി പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും, 2020-25 വർഷത്തെ എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായും ടി വി ഷമീമക്ക് പ്രവർത്തന പരിചയമുണ്ട്. കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറിയായും, കൊളച്ചേരിയിലെ ജീവകാരുണ്യ പ്രസ്ഥാനമായ PTH വളണ്ടിയറായും ഷമീമ പ്രവർത്തിച്ചുവരുന്നു.
സർ സയ്യിദ് കോളേജിലാണ് ഷമീമ ബി.കോം പഠനം പൂർത്തിയാക്കിയത്. ഫാത്തിമ. ടി. വിയുടെയും പരേതനായ ഇബ്രാഹിം ടി.പിയുടെയും മകളാണ്. പ്രവാസിയായ മുഹമ്മദലി. ടി.പി മുല്ലക്കൊടിയാണ് ഷമീമയുടെ ഭർത്താവ്. ഷിസ. ടി.വി, ഐബക് അലി. ടി.വി എന്നിവർ മക്കളാണ്.
ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ യു ഡി എഫ് ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോടിപ്പോയിൽ മുസ്തഫ, വിവിധ കക്ഷി നേതാക്കളായ കെ പി ശശിധരൻ, എം അബ്ദുൽ അസീസ്, മൻസൂർ പാമ്പുരുത്തി, ആറ്റക്കോയ തങ്ങൾ,, ടി പി സുമേഷ്, എൻ വി പ്രേമാനന്ദൻ, കെ പി സജീവ്, പി സുരേന്ദ്രൻ, വി വി ഗീത, എം അനന്തൻ മാസ്റ്റർ, പി കെ രഘുനാഥ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!