കണ്ണാടിപ്പറമ്പ്:
DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി ഉയർത്തിയ വെല്ലുവിളിക്ക് മറുപടിയായി യൂത്ത് ലീഗ് പരസ്യ സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചു. “കെ.എം. ഷാജിയുടെ 10 വർഷത്തെ കാലഘട്ടത്തിലെ വികസനവും കെ.വി. സുമേഷ് ഉൾപ്പെടെയുള്ള സി.പി.എം എം.എൽ.എമാരുടെ കാലത്ത് നടന്ന അഴീക്കോട് മണ്ഡലത്തിലെ വികസനവും രേഖകളുടെ അടിസ്ഥാനത്തിൽ തുറന്ന സംവാദത്തിൽ ചർച്ച ചെയ്യാൻ യൂത്ത് ലീഗ് സന്നദ്ധരാണ്,” എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
ലീഗുമായി ബന്ധമില്ലാത്ത റീത്ത് വെച്ച സംഭവത്തെ മുസ്ലിം ലീഗിന്റെ തലയിൽ കെട്ടിവെച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ സി.പി.എം ശ്രമിച്ചത് യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി തുറന്ന് കാട്ടിയതാണ് DYFIയുടെ വെല്ലുവിളിക്ക് കാരണമായതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. “ഒമ്പത് വർഷത്തെ പിണറായി ഭരണത്തിന്റെ അലസതയിൽ ഉറങ്ങിക്കിടന്ന DYFIയെ ഉണർത്തിയത് യൂത്ത് ലീഗിന്റെ ഒരു പോസ്റ്റാണ്. അത് തന്നെയാണ് അവരുടെ അസഹിഷ്ണുത തെളിയിക്കുന്നത്,” പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കണ്ണാടിപ്പറമ്പ് ഹൈസ്കൂളിലെ വികസന പദ്ധതിയെക്കുറിച്ച് യൂത്ത് ലീഗ് പ്രതികരിച്ചു. “കെ.വി. സുമേഷ് എം.എൽ.എയുടെ കാലത്ത് നടന്ന കെട്ടിട ഉത്ഘാടനം കെ.എം. ഷാജിയുടെ കാലത്ത് അനുവദിച്ച പദ്ധതിയാണ്. അതായത്, LDF എം.എൽ.എയുടെ പദ്ധതികൾക്ക് തറക്കല്ലിടൽ മാത്രമാണ് ഇത് വരെ നടന്നത് എന്നതാണ് യാഥാർത്ഥ്യം. നാറാത്ത് പഞ്ചായത്തിലെ മിനി സ്റ്റേഡിയം ഉൾപ്പെടെ നിരവധി പദ്ധതികൾ ഇതിന് ഉദാഹരണമാണ്,” പ്രസ്താവനയിൽ വ്യക്തമാക്കി.
അഴീക്കോട് മണ്ഡലത്തിൽ പതിറ്റാണ്ടുകൾ സി.പി.എം എം.എൽ.എമാർ ഉണ്ടായിട്ടും മണ്ഡലത്തിന്റെ മുഖച്ചായ മാറ്റിയ വികസനങ്ങൾ നടന്നത് കെ.എം. ഷാജിയുടെ കാലത്താണ് എന്നതാണ് പകൽസത്യം എന്ന് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു.
“വികസനത്തെ വികസനം കൊണ്ടാണ് മറികടക്കേണ്ടത്. എന്നാൽ സി.പി.എം, DYFI എന്നിവർ വികാരങ്ങളും റീത്തും ഉണ്ടാക്കി പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ്. അത് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. DYFI സമയം, സ്ഥലവും നിശ്ചയിച്ചാൽ യൂത്ത് ലീഗ് സംവാദത്തിന് ഒരുങ്ങിയിരിക്കുന്നു,” പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

