തൃശൂർ: ലോക്സഭ മണ്ഡലത്തിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ രൂക്ഷമാകുന്നതിനിടെ കേന്ദ്രമന്ത്രിയും എം.പി.യുമായ സുരേഷ് ഗോപി ബുധനാഴ്ച രാവിലെ തൃശൂരിലെത്തി.
രാഹുൽ ഗാന്ധി ഉയർത്തിയ ‘വോട്ട് ചോരി’ വിവാദം മണ്ഡലത്തിലും രാഷ്ട്രീയ ചൂടേറിയിരിക്കെ, രാവിലെ 9.30ഓടെ വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ സുരേഷ് ഗോപിയോട് മാധ്യമങ്ങൾ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി. നേതാക്കളെയും പ്രവർത്തകരെയും ആശുപത്രിയിൽ സന്ദർശിച്ചപ്പോഴും, മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും എം.പി. മിണ്ടിയില്ല. “ഇത്രത്തോളം സഹായിച്ചതിന് നന്ദി” എന്നു പറഞ്ഞ് കൈകൂപ്പിയാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്.
സി.പി.എം. ആക്രമണത്തെ തുടർന്ന് ബി.ജെ.പി. നടത്തുന്ന കമ്മീഷണർ ഓഫീസ് മാർച്ചിൽ സുരേഷ് ഗോപി പ്രതികരിക്കുമോയെന്നത് രാഷ്ട്രീയ കേരളം ശ്രദ്ധിച്ച് കാത്തിരിക്കുകയാണ്.
ന്യൂഡൽഹിയിൽ നിന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തി, തുടർന്ന് രാവിലെ 5.15-ന് വന്ദേഭാരത് എക്സ്പ്രസിൽ തൃശൂരിലേക്കായിരുന്നു യാത്ര. തിരുവനന്തപുരത്തും മാധ്യമങ്ങൾ ചോദ്യം ചെയ്തപ്പോൾ മറുപടി ഉണ്ടായില്ല.
സുരേഷ് ഗോപിയുടെ എം.പി. ഓഫീസിൽ സി.പി.എം. മാർച്ച് നടത്തി ബോർഡിൽ കരി ഓയിൽ ഒഴിച്ചതിനെ തുടർന്ന്, ബി.ജെ.പി. പ്രവർത്തകർ സി.പി.എം. ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കുകയും കല്ലേറിലും ഏറ്റുമുട്ടലിലും കലാശിക്കുകയും ചെയ്തു.
മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സി.പി.എം., സി.പി.ഐ. എന്നിവർ, അടച്ചിട്ട ഫ്ലാറ്റുകളുമായി ബന്ധപ്പെട്ടു ബി.ജെ.പി. പ്രവർത്തകരുടെ പേരിൽ വോട്ടുകൾ ചേർത്തുവെന്ന തെളിവുകൾ പുറത്തുവിട്ടിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

