ചിറക്കൽ : കേരളത്തിലെ എല്ലാ സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ് കണ്ണോത്ത് ആവശ്യപ്പെട്ടു. സ്കൂൾപരിസരങ്ങളിൽ കുട്ടികൾക്കും അതുവഴി രക്ഷിതാക്കൾക്കും ആശ്വാസം നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“ഏത് മേഖലയിലായാലും ഇന്ന് കുട്ടികൾക്ക് സുരക്ഷിതത്വമില്ല. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു അവസ്ഥ അനുഭവപ്പെട്ടിട്ടില്ല. സംഭവങ്ങൾ സംഭവിച്ച ശേഷം നഷ്ടപരിഹാര കണക്കുകൾ പറഞ്ഞ് കൈ കഴുകുകയല്ല വേണ്ടത് . ഇതിനേക്കാൾ മുൻകരുതലാണ് പ്രസക്തം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ സംഘം പ്രവർത്തനങ്ങളും, ലഹരിക്കടിമയാകുന്ന പ്രവണതയും സമാന്തരമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇത് തടയാൻ ശക്തമായ നടപടികൾ ആവശ്യമാണ്. അധികാരികൾ സജീവമായി ഇടപെടണമെന്നും, ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉത്തരവാദിത്വം ഒഴിവാക്കാനാകില്ലെന്നും മനീഷ് കണ്ണോത്ത് വ്യക്തമാക്കി.
“ജനങ്ങളുടെ നികുതിപ്പണമാണ് ഓരോ വകുപ്പിന്റെയും പ്രവർത്തനത്തിന് അടിസ്ഥാനം. അതിനാൽ കുട്ടികളുടെ സുരക്ഷയോട് അത്യന്തം ജാഗ്രതയോടെ സമീപിക്കേണ്ടതാണ്,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു