പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എൽസിയുടെ നില ഗുരുതരമാണ്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എൽസിയുടെ ഭര്‍ത്താവ് കാൻസര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കൾക്കൊപ്പം പൊൽപ്പുള്ളി പൂളക്കാടുള്ള വീട്ടിൽ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എൽസി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എൽസി മക്കൾക്കൊപ്പം പുറത്ത് പോകാന്‍ ഇറങ്ങുന്നതിനിടയിലാണ് വീട്ടുമുറ്റത്ത് വെച്ച് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബാറ്ററി ഷോട്ട് സർക്യൂട്ടാണ് കാർ പൊട്ടിത്തെറിക്കാൻ കാരണമായത് എന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
അപകടത്തിൽ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.