സുരേഷ് ഗോപിക്ക് പെട്രോളിയമടക്കം 3വകുപ്പുകള്‍, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

Kannadiparamba online news

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. 

ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ യോഗത്തിൽ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആകെ 71 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 30 പേർ കാബിനറ്റ് മന്ത്രിമാരും 36 പേർ സഹമന്ത്രിമാരുമാകും. അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്. 

കഴിഞ്ഞ തവണത്തേതുപോലെ ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയ്ശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും തുടരും. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും ധനകാര്യ മന്ത്രി നിർമല സീതാരാമനും മാറ്റമില്ല. അജയ് ടംത, ഹർഷ് മൽഹോത്ര എന്നിവരാണ് ഉപരിതല ഗതാഗത വകുപ്പിലെ സഹമന്ത്രിമാർ. പിയുഷ് ഗോയൽ വ്യവസായ വകുപ്പ് മന്ത്രിയാകും.

ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായി തുടരും. ഭൂപേന്ദ്ര യാദവ് വനം-പരിസ്ഥിതി കാലാവസ്ഥാ വകുപ്പിന്റെ ചുമതലയിലും തുടരും. കിരൺ റിജിജുവിനെ പാർലമെന്‍ററികാര്യ മന്ത്രിയാക്കും. നേരത്തെ ഈ വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന പ്രൾഹാദ് ജോഷിക്ക് ഭക്ഷ്യവകുപ്പ്, ഉപഭോക്തൃകാര്യം, റിന്യൂവബിൾ എനർജി എന്നീ വകുപ്പുകൾ ലഭിക്കും. ജെ.ഡി.എസ് എം.പി എച്ച്.ഡി. കുമാരസ്വാമി ഘനവ്യവസായ മന്ത്രിയാകും. 

വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ ചുമതല അശ്വിനി വൈഷ്ണവിന് നൽകി. നേരത്തെ അനുരാഗ് താക്കൂറിനായിരുന്നു ഈ വകുപ്പിന്‍റെ ചുമതല. റെയിൽ വകുപ്പിന്‍റെ ചുമതലയും അശ്വിനി വൈഷ്ണവിനാണ്. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന് ഊർജ വകുപ്പിന്‍റെ ചുമതല നൽകി. ഭവനനിർമാണം, നഗരകാര്യം എന്നീ വകുപ്പുകളുടെ ചുമതലയും ഖട്ടാറിനാണ്. ഊർജ വകുപ്പിന്‍റെ സഹമന്ത്രിയായി ശ്രീപ്രാദ് യെസ്സോ നായിക്, ഭവനനിർമാണ വകുപ്പിന്‍റെ സഹമന്ത്രിയായി തോഖാൻ സാഹു എന്നിവർക്കും ചുമതല നൽകി. 

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കാർഷിക വകുപ്പ് നൽകി. ഹിന്ദുസ്താനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിക്കാണ് ചെറുകിട – ഇടത്തരം വ്യവസായ വകുപ്പിന്‍റെ ചുമതല. ടി.ഡി.പി എം.പി റാം മോഹൻ നായിഡുവിന് വ്യോമയാന മന്ത്രാലയത്തിന്‍റെ ചുമതല നൽകി. ഗുജറാത്തിൽനിന്നുള്ള ബി.ജെ.പി എം.പി സി.ആർ. പാട്ടിൽ ജൽശക്തി മന്ത്രിയാകും. ജെ.പി. നഡ്ഡ ആരോഗ്യമന്ത്രിയും ജ്യോതിരാദിത്യ സിന്ധ്യ ടെലകോം മന്ത്രിയുമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!