പഴശ്ശി ഡാമിന്റെയും ജലസേചന പദ്ധതിയുടെയും നവീകരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കിയതായും അത് വേഗത്തില്‍ നപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിനൊപ്പം പഴശ്ശി ഡാം പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നവീകരണ പദ്ധതിയുടെ പുരോഗതിയും തുടര്‍നടപടികളും വിലയിരുത്തിയിട്ടുണ്ട്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനുശേഷം മുന്‍ഗണന നല്‍കേണ്ട പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയതില്‍ പഴശ്ശി ഡാമും ഉള്‍പ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സെന്ന നിലയില്‍ ഡാമിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഴശ്ശി ഡാമും ജലസേചന പദ്ധതിയും ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
കനാലുകളുടെ നവീകരണത്തിന് 36 കോടിയുടെ പദ്ധതി
പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള 46 കിലോമീറ്റര്‍ പ്രധാന കനാലും 75 കിലോമീറ്റര്‍ അനുബന്ധ കനാലുകളും അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ച് പൂര്‍ണതോതില്‍ ഉപയോഗയോഗ്യമാക്കുന്നതിന് മുഖ്യ പരിഗണന നല്‍കുമെന്നും ന്നും മന്ത്രി പറഞ്ഞു. 36 കോടി രൂപയുടെ നബാഡ് പദ്ധതിയിലൂടെ കനാലുകള്‍ നവീകരിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പദ്ധതി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ധനകാര്യ വകുപ്പിന്റെ പരിഗണനയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ട് നവീകരിക്കാന്‍ 7.5 കോടി
പഴശ്ശി അണക്കെട്ടിന്റെ നവീകരണത്തിനായി 7.5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെയുള്ള ഡ്രിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നതാണ് നവീകരണ പദ്ധതി. ഇതിന്റെ ഭാഗമായി ഈ മാസം 26ന് കേന്ദ്ര ജല കമ്മീഷന് പ്രതിനിധികള്‍ പ്രദേശം സന്ദര്‍ശിക്കുന്നുണ്ട്. പദ്ധതി വേഗത്തിലാക്കുന്നതിനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
ബഫര്‍ സോണ്‍ 10 മീറ്ററാക്കി ഉത്തരവ് പുതുക്കും
പഴശ്ശി ഡാമിനു ചുറ്റുമുള്ള ബഫര്‍ സോണ്‍ 10 മീറ്ററായി നിജപ്പെടുത്തുമെന്ന് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ ഉത്തരവ് വരുന്ന നിയമസഭാ സമ്മേളനത്തിന്റെ സമയത്ത് തന്നെ ഇറക്കുന്നതിന് നടപടി സ്വീകരിക്കും. ബഫര്‍ സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിനെതിരേ തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിലവിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചെങ്കിലും പുതുക്കിയ ഉത്തരവ് ഇറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം പ്രദേശത്തുള്ളവര്‍ക്ക് വീടുകളുടെ കെട്ടിടങ്ങളോ നിര്‍മിക്കാന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് നിവേദനങ്ങള്‍ മലയോര നിവാസികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ കൂടി പരിഗണിച്ച് 10 മീറ്ററിന് പുറത്തുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്കാവുന്ന രീതിയില്‍ ഉത്തരവ് പരിഷ്ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
പഴശ്ശി സാഗര്‍ വൈദ്യുതി മെയ് മാസത്തോടെ പൂര്‍ത്തിയാക്കും: മന്ത്രി സണ്ണി ജോസഫ്
പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി 2027 മെയ് മാസത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ ജില്ലയുടെ പ്രധാന ജലസേചന-കുടിവെള്ള സ്രോതസ്സായ പഴശ്ശി ഡാമിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ മഴക്കാലത്ത് കനാലില്‍ ചോര്‍ച്ചയുണ്ടായി വീടുകളില്‍ വെള്ളം കയറിയ സാഹചര്യം കണക്കിലെടുത്ത് കനാല്‍ നവീകരണവും ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തും. വേനല്‍ക്കാലത്ത് ജില്ലയുടെ കുടിവെള്ള ആവശ്യങ്ങള്‍ക്കുള്ള പ്രധാന സ്രോതസ്സാണ് പഴശ്ശി ഡാം. ഡാം പരിസരം ശുചിയായി സംരക്ഷിക്കുന്നതിന് ജനങ്ങളുടെ സഹകരണവും ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
2012-ലെ വെള്ളപ്പൊക്കത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കഴിയാതിരുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ഷട്ടറുകളുടെ അറ്റകുറ്റപ്പണിയും കൃത്യമായ പരിപാലനവും ഉറപ്പാക്കും. ടൂറിസം സാധ്യതകളുള്ള പഴശ്ശി ഉദ്യാനം നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. 2012-ലും 2018-ലും തകര്‍ന്ന ഉദ്യാനത്തിന്റെ പുനരുദ്ധാരണത്തിനായി ടൂറിസം വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കും. ഉദ്യാനത്തിലേക്കുള്ള റോഡുകളുടെ നവീകരണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

