ഇരിക്കൂർ: പടിയൂർ പെരുവംപറമ്പിൽ വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താമരശ്ശേരി അമ്പായത്തോട് സ്വദേശി സഞ്ജയ് (22)-നെയാണ് ഇരിക്കൂർ പോലീസ് തെളിവെടുപ്പിനായി എത്തിച്ചത്.
ഒക്ടോബർ 3-നാണ് പെരുവംപറമ്പിലെ അശ്വതി വീട്ടിൽ രൂപ രമേശ്, തൊട്ടടുത്തുള്ള ശ്രീവത്സം വീട്ടിൽ കെ.ടി. ബിന്ദു എന്നിവരുടെ വീടുകളുടെ കതക് കുത്തിത്തുറന്ന് മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. രൂപ രമേശിന്റെ വീട്ടിൽ നിന്നും ആറര പവനോളം സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
കേസിൽ പ്രതിയായ സഞ്ജയ്യെ തമിഴ്നാട് തേനിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. വീടുകൾതോറും പഴയ സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേനയെത്തി ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയാണ് ഇയാളുടെ പതിവ്. സംഭവത്തിൽ സഞ്ജയ്യോടൊപ്പം മറ്റ് രണ്ടുപേർ കൂടി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇരിക്കൂർ എസ്.ഐ. പി. അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, നിജിൻ, ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മോഷണം നടന്ന രണ്ട് വീടുകളിലും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

