കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ സാധിക്കാത്ത ഇടതുപക്ഷം കള്ളക്കഥകൾ പ്രചരിപ്പിച്ച് ജാള്യത മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നിശ്ശബ്ദ പ്രചാരണത്തിനിടെ കൊടിപ്പൊയിൽ വാർഡിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം രാഷ്ട്രീയ ആയുധമാക്കി ഇടതുപക്ഷം പ്രചരിപ്പിക്കുന്നതിനെതിരെയാണ് യു.ഡി.എഫ്. രംഗത്തെത്തിയത്.
സംഭവം ഇങ്ങനെ
ഇന്ന് രാവിലെ നിശ്ശബ്ദ പ്രചാരണത്തിന്റെ ഭാഗമായി മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കൾ കൊടിപ്പൊയിൽ വാർഡിൽ ഗൃഹസന്ദർശനം നടത്തുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത്, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തി സ്ഥലത്തെത്തി സംഘടനാ നടപടി ചോദ്യം ചെയ്ത് തട്ടിക്കയറുകയായിരുന്നു.
തിരഞ്ഞെടുപ്പിന്റെ തലേദിവസം വാഗ്വാദങ്ങൾക്ക് നിൽക്കാതെ, നേതാക്കൾ തങ്ങളുടെ പ്രചാരണ ദൗത്യം പൂർത്തിയാക്കി തിരികെ പോകുകയാണുണ്ടായത്. എന്നാൽ, ഈ സമയത്ത് ഇടതുപക്ഷ സ്ഥാനാർഥിക്കുവേണ്ടി വീട് കയറി വോട്ട് പിടിക്കാൻ ചെന്നിരുന്ന ഒരു സ്ത്രീ ഇത് വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
വിജയം സുനിശ്ചിതം, അതുകൊണ്ട് കള്ളപ്രചരണം
സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി പരമാവധി കള്ളപ്രചരണം നടത്തിയിട്ടും കൊടിപ്പൊയിൽ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമായ സാഹചര്യത്തിലാണ് രാഷ്ട്രീയ എതിരാളികൾ ഇത്തരം വീഡിയോ പ്രചാരണ ആയുധമാക്കുന്നതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.
ഇത്തരം കള്ളപ്രചാരണങ്ങളൊന്നും കൊടിപ്പൊയിലിന്റെ ‘ഹരിതമണ്ണിനെയും’ അബ്ദുൽ കരീം ചേലേരിയുൾപ്പെടെയുള്ള നേതാക്കളെയും ഒരു തരിമ്പും മങ്ങലേൽപ്പിക്കാൻ സാധിക്കില്ലെന്ന് യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ കെ.എം. ശിവദാസൻ, കൺവീനർ മൻസൂർ പാമ്പുരുത്തി എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

