കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്‌പെൻഷൻ

Kannadiparamba online news

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുന്നംകുളം എസ്ഐ നുഹ്‌മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 2023-ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേങ്ങള്‍കൂടി അരങ്ങേറുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി.എസ്. സുജിത്ത് (27) 2023 ഏപ്രില്‍ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും സംഭവം കോടതിയുടെ പരിഗണനയിലേക്കെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ നാലുപേര്‍ക്കുമെതിരേ കോടതി ക്രിമിനല്‍ കേസ് എടുത്തിരുന്നു. കോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ സര്‍വീസില്‍ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

പ്രാഥമിക നടപടിയെന്ന നിലയില്‍ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വര്‍ഷത്തെ ശമ്പള വര്‍ധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി.

അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പില്‍നിന്ന് ഇറക്കുന്നതു മുതല്‍ സ്റ്റേഷനുള്ളില്‍ അര്‍ധനഗ്‌നനായി നിര്‍ത്തി പല തവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിര്‍ത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മര്‍ദനത്തെത്തുടര്‍ന്ന് സുജിത്തിന്റെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസി. കമ്മിഷണര്‍ ഓഫീസിലും കമ്മിഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!