തിരുവനന്തപുരം:
പ്രശസ്ത നടൻ പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പൂർണമായി അവഗണിക്കപ്പെട്ടതിനെതിരെ ചലച്ചിത്രമേഖലയിലും സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തിൽ സിനിമയെ പരോക്ഷമായി പരാമർശിക്കുന്ന തരത്തിൽ കേരള പൊലീസ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നിയമപരമായി വിദേശത്തേക്ക് കുടിയേറുന്നതിനുള്ള മുന്നറിയിപ്പായി പുറത്തിറങ്ങിയ ഫെയ്സ്ബുക്ക് കുറിപ്പിൽ ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്റെ ദൗർബല്യം നിറഞ്ഞ കഥാപാത്ര ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. “നമ്മൾ മലയാളികളാണ്… മണ്ടന്മാരല്ല!” എന്ന ക്യാപ്ഷനോടെയുളള ഈ പോസ്റ്റ് സിനിമയെ നേരിട്ട് പരാമർശിക്കുന്നതായും, അതിനെ പ്രതീകമായി ഉപയോഗിക്കുന്നതായും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ്
നമ്മൾ മലയാളികളാണ് … മണ്ടന്മാരല്ല ..!!
നിയമപ്രകാരമല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ, ജോലിക്കോ പോകാൻ ശ്രമിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
മറ്റു രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിച്ചാലോ, ജോലിയിലേർപ്പെട്ടാലോ നിങ്ങൾ നിയമനടപടികൾ നേരിടേണ്ടതായി വരും. അത് നിങ്ങൾ അവിടെ ജയിലിലാകുവാനും വലിയ പിഴ അടയ്ക്കാൻ ബാധ്യസ്ഥനാകുവാനും കാരണമാകും.
അനധികൃതമായി കുടിയേറ്റപ്പെട്ടവർ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാർക്ക് ലഭിക്കില്ല. യാത്ര വിലക്ക് നേരിടാനും സാധ്യതയുണ്ട്.
അംഗീകൃത ഏജൻസികളിലൂടെ അല്ലാതെ വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർ അവിടത്തെ തൊഴിൽരീതികളെക്കുറിച്ചോ, തൊഴിൽദാതാവിനെക്കുറിച്ചോ, ലഭിക്കേണ്ട വേതനത്തെക്കുറിച്ചോ, തൊഴിൽസാഹചര്യങ്ങളെക്കുറിച്ചോ അജ്ഞരായിരിക്കും. ഇത് ചൂഷണ സാധ്യത വർധിപ്പിക്കുന്നു. അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ വ്യാജവാഗ്ദാനങ്ങളിൽ മയങ്ങി ഒരിക്കലും ഇത്തരത്തിലുള്ള തീരുമാനം എടുക്കരുത്.
e MIGRATE ൽ ( https://emigrate.gov.in ) രജിസ്റ്റർ ചെയ്തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളെ മാത്രം ആശ്രയിക്കുക.
keralapolice
എന്നാൽ ഈ പോസ്റ്റിന് താഴെ കേരള പോലീസ് പേജിന്റെ അഡ്മിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് നിറയുന്നത്. കൃത്യമായ സമയത്താണ് ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നതെന്നും അഡ്മിൻ ആയാൽ ഇങ്ങനെ വേണമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. കേരള പോലീസിന്റെ അവാർഡ് വരെ പൃഥ്വിരാജിനാണെന്നും ആളുകൾ കുറിച്ചിട്ടുണ്ട്
സിനിമയും സന്ദേശവും:
ആടുജീവിതം സിനിമ ഗൾഫ് രാജ്യം വഴി മതിയായ നിയമരീതികൾ ഇല്ലാതെ ജോലി തേടി യാത്ര തിരിക്കുന്ന ഒരു മലയാളിയുടെ ദുരിതം അവതരിപ്പിച്ച ചിത്രമാണ്. അതിനാലാണ് കേരള പൊലീസ് അതിന്റെ പ്രതീകാത്മക സാംസ്ക്കാരിക പശ്ചാത്തലമായി ഈ ചിത്രം തിരഞ്ഞെടുക്കാൻ താൽപര്യപ്പെട്ടതെന്ന് പൊതുജനം വിലയിരുത്തുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

