വെഞ്ഞാറമൂട് കൂട്ടകൊല കേസിൽ അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും, ചുറ്റിക വാങ്ങിയ കടയിലുമെത്തിക്കും

Kannadiparamba online news

തിരുവനന്തപുരം :  വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. അമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പിന് കൊണ്ടുപോകും. കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തിൽ ഉച്ചയോടു നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അഫാനെ ഹാജരാക്കും.

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ അമ്മൂമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും എത്തിച്ച് ഇന്നലെ തെളിവെടുത്തു. സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ കനത്ത സുരക്ഷയിലായിരുന്നു പാങ്ങോട് പൊലീസിന്‍റെ തെളിവെടുപ്പ്. 

വൈകിട്ട് നാലരയോടെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് തുടങ്ങിയത്. മൂന്നു കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ആദ്യം സൽമാബീവിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ താഴെ പാങ്ങോട്ടെ  വീട്ടിലായിരുന്നു തെളിവെടുപ്പ്. പ്രതി അഫാനെ കൊണ്ടുവരുന്ന വിവരം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പത്തു മിനിട്ടോളം നീണ്ട  തെളിവെടുപ്പിൽ കൊല നടത്തിയതെങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചു.

പിന്നാലെ പേരുമലയിലെ വീട്ടിലേയ്ക്ക് എത്തിച്ചു. അമ്മ ഷെമിനയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചായിരുന്നു. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പ്. നേരത്തെ തന്നെ ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നു. രണ്ടിടത്തും നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നുവെങ്കിലും പ്രതിക്കെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ല. തെളിവെടുപ്പിന് ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിൽ തിരികെയെത്തിച്ചു. പാങ്ങോട് പോലീസ് സ്റ്റേഷനിൽ അഫാൻ രാവിലെ തളർന്നു വീണു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന്  കണ്ടെത്തിയതോടെയായിരുന്നു വൈകീട്ട് തെളിവെടുപ്പിന് എത്തിച്ചത്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!