കണ്ണപുരം: ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടർ ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേർ മരിച്ചു. പുന്നച്ചേരി പെട്രോള്‍ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേര്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ ആകാശിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പത്മകുമാര്‍ (59), യാത്രക്കാരായ ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്‍റെ ഭാര്യ കരിവെള്ളൂർ പുത്തൂർ ആയൂർവേദ ആശുപത്രിക്ക് സമീപത്തെ അജിത (35), പിതാവ് കരിവെള്ളൂര്‍ പുത്തൂരിലെകൊഴുമ്മല്‍ കൃഷ്ണന്‍ (65) അജിതയുടെ സഹോദരന്‍ അജിത്തിന്‍റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചത്.
കണ്ണൂര്‍ ഭാഗത്തു നിന്നു പയ്യന്നൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാറും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ പിന്നിലുണ്ടായിരുന്ന ലോറി ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടറുമായി പോകുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം വാതിലുകള്‍ വെട്ടിപ്പൊളിച്ചാണ് കാറില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. കാര്‍ ലോറിയുടെ മുന്‍വശത്ത് ഇടിച്ച് ബോണറ്റ് ഉള്‍പ്പെടെ ലോറിക്ക് അടിയിലേക്കു കയറിയ നിലയിലായിരുന്നു
സമീപത്തെ ടര്‍ഫില്‍ കളിക്കുന്നവരും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് കണ്ണപുരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മകന്‍ സൗരവിനെ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിഎയ്ക്കു ചേര്‍ത്ത് ഹോസ്റ്റലിലാക്കി തിരിച്ചു വരികയായിരുന്നു സുധാകരനും കുടുംബവും. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടര്‍ വാഹന വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
പരേതനായ നാരായണന്‍ നായരുടെയും പദ്മിനിയമ്മയുടേയും മകനാണ് മരിച്ച പത്മകുമാര്‍. നിര്‍മാണത്തൊഴിലാളിയാണ്.
ഭാര്യ: രാധ. മക്കള്‍: ശൈലനാഥ്, ശൈലശ്രീ. മരിച്ച കൃഷ്ണന്‍റെ ഭാര്യ ലക്ഷ്മി. ആകാശിന്‍റെ അമ്മ ഐശ്വര്യ. മരണപ്പെട്ട സുധാകരന്‍ മണ്ഡപം മണാട്ടി കവലയില്‍ ധാന്യമില്ല് നടത്തിവരികയായിരുനു. സുധാകരന്‍റെ സഹോദരന്‍റേതാണ് കാര്‍. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.കണ്ണപുരം ഇൻസ്പെക്ടർ കെ.സുഷീറിൻ്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

