കണ്ണൂർ:
ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം യുപിഎ സർക്കാർ നടപ്പാക്കിയത് കടുത്ത ജനദ്രോഹ നയങ്ങളാണ്. രണ്ടാമൂഴം ലഭിച്ചപ്പോൾ ആർഎസ്എസ് തനി നിറം പുറത്തെടുത്തു, കേന്ദ്രം മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവച്ചു, മുഖ്യമന്ത്രി പറഞ്ഞു.
സിഎഎ പ്രതിഷേധത്തിൽ കോൺഗ്രസ് നിലപാടിനെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. പൗരത്വ പ്രതിഷേധത്തിൽ രാജ്യത്ത് ഒരിടത്തും കോൺഗ്രസ്സിനെ കണ്ടില്ല, കോൺഗ്രസ്സിന്റെ നേരിയ ശബ്ദം പോലും കേട്ടിട്ടില്ല. ആർഎസ്എസ് അജണ്ടയെ എന്താണ് കോൺഗ്രസ്സ് എതിർക്കാത്തത് എന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. ലോകത്തെ മറ്റെല്ലാ കാര്യങ്ങളിലും രാഹുൽ പ്രതികരിക്കാറുണ്ട്, എന്നാൽ സിഎഎയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പ്രകടനപത്രികയിലും കോൺഗ്രസിന് പൂർണ്ണ മൗനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി ആർഎസ്എസ് അജണ്ട നടപ്പാക്കുമ്പോൾ മതനിരപേക്ഷ പാർട്ടിയാണ് എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് അതിനെ എതിർക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലം രാജ്യത്ത് ഉയർന്നുവന്ന നിരവധി പ്രശ്‌നങ്ങളിൽ ഒന്നിലും യുഡിഎഫിന്റെ 18 അംഗ എം പി സംഘത്തെ എവിടെയും കാണാൻ പറ്റിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ മുഴങ്ങേണ്ട പല ഘട്ടങ്ങളിലും ഈ 18 പേരും നിശബ്ദത പാലിച്ചു. ഈ സംഘം ചെയ്ത കാര്യങ്ങൾ വിലയിരുത്താനുള്ള അവസരമായിട്ടു കൂടിയാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.
രണ്ടാം ഊഴം കിട്ടിയ ബിജെപി രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള പൗരത്വ നിയമ ഭേദ?ഗതി നടപ്പാക്കാനാണ് തയ്യാറായത്. അതിലൂടെ രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തിലാക്കി. ഇതിനെതിരെ കോൺഗ്രസിൽ നിന്ന് വലിയ പ്രതിഷേധമുയരുന്നതായി ആരും കണ്ടില്ല. പൗരത്വ നിയമ ഭേദ?ഗതിക്കെതിരെ ഡൽഹിയിൽ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടന്ന ദിവസം കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം പി മാർ പാർട്ടി പ്രസിഡന്റിന്റെ വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘രാഹുൽ ഗാന്ധിക്ക് വലിയ പരാതി അദ്ദേഹത്തെ വിമർശിക്കുന്നു എന്നാണ്. പൗരത്വ നിയമ ഭേദ?ഗതി ചട്ടങ്ങൾ പുറത്തു വന്ന ഘട്ടത്തിൽ രാഹുൽ ?ഗാന്ധി രാജ്യത്ത് ഒരു യാത്ര നടത്തിയിരുന്നു. രാജ്യത്തും ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചെങ്കിലും പൗരത്വനിയമ ഭേദ?ഗതിയെ കുറിച്ചു മാത്രം അദ്ദേഹം ഒന്നും മിണ്ടിയില്ല. അത് ചൂണ്ടികാട്ടുന്നതാണോ വിമർശനം എന്ന് പറയുന്നത്?’ മുഖ്യമന്ത്രി ചോദിച്ചു.
‘കോൺഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കാൻ നിശ്ചയിച്ച സമിതി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് അതിൽ ചേർത്തിരുന്നുവെന്നും നേതാക്കൾ അടങ്ങിയ സമിതി യോഗം ചേർന്നപ്പോൾ അത് വേണ്ടെന്നുവച്ചെന്നുമാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ആ സമിതിയുടെ അധ്യക്ഷൻ പി ചിദംബരം പറഞ്ഞത് പ്രകടന പത്രികയുടെ നീളം കൂടിപ്പോകുന്നത് കൊണ്ട് ഈ ഭാഗം ഉൾപ്പെടുത്തിയില്ല എന്നാണ്. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യും എന്നൊരു വാക്യം അവിടെ എഴുതിയാൽ പ്രകടനപത്രികയുടെ നീളം അത്രയങ്ങ് കൂടിപ്പോകുമോ?’ മുഖ്യമന്ത്രി ചോദിച്ചു.
കേരളം നൂറ്റാണ്ടിലെ പ്രളയം നേരിട്ടപ്പോൾ ആ ആപത്തു കാലത്ത് സഹായിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പറയുന്നു കേരളത്തെ വികസിപ്പിക്കുമെന്ന്. ഇതും ജനം വിശ്വസിക്കണം എന്നാണോ പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ സാധിക്കാത്ത വിധം സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രം. കേരളത്തോട് പക തീർക്കുന്ന സമീപനമാണ് അവരുടേത്. അർഹമായ പണം ലഭിക്കുന്നതിനു പോലും സുപ്രീം കോടതിയുടെ ഇടപെടൽ വേണ്ടിവരുന്നു. ഇതിൽ ബിജെപി ഉയർത്തിയ വാദത്തിന്റെ കൂടെയായിരുന്നു കോൺഗ്രസിന്റെ 18 അംഗ സംഘവും. ആ സംഘത്തിൽ ഒരാളാണ് രാഹുൽ ഗാന്ധി എന്നും മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരിൽ നടന്ന റാലിയിൽ കെ എം വിജയൻ അധ്യക്ഷനായി. സ്ഥാനാർഥി എം വി ജയരാജൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, സിപിഐ സംസ്ഥാന കൗൺസിലംഗം സി എൻ ചന്ദ്രൻ, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, ആർജെഡി ജില്ലാ പ്രസിഡന്റ് വി കെ ഗിരിജൻ, എൻസിപി ജില്ലാ പ്രസിഡന്റ് സി സുരേശൻ, ജെഡിഎസ് ജില്ലാ സെക്രട്ടറി ബാബുരാജ് ഉളിക്കൽ, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ പി അനിൽകുമാർ, ആർഎസ്പി (എൽ) ജില്ലാ സെക്രട്ടറി സന്തോഷ് മാവില എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എൻ വി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ്, എൽഡിഎഫ് പാർലമെന്റ് മണ്ഡലം സെക്രട്ടറി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

