പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട്:ആദ്യഘട്ടം 1660 പേര്‍ വോട്ട് ചെയ്തു

Kannadiparamba online news

പോളിങ്ങ് ബൂത്തില്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനൊരുക്കിയ വോട്ടര്‍ ഫെസിലിറ്റി സെന്റര്‍ (വിഎഫ്‌സി) വഴി വോട്ട് ചെയ്തത് 1660 ഉദ്യോഗസ്ഥര്‍. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടന്ന കേന്ദ്രങ്ങളിലാണ് വിഎഫ്‌സി സെന്ററുകള്‍ ഒരുക്കിയത്. ആകെ 2085 പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളാണ് മറ്റ് ജില്ലകളിലേക്ക് അയച്ചത്. ഇതില്‍ 1122 പേരുടെ പോസ്റ്റല്‍ ബാലറ്റുകളാണ് വോട്ടിങ്ങിനായി ലഭ്യമാക്കിയത്. ഏപ്രില്‍ 19 വരെയാണ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിനായുള്ള അപേക്ഷ സ്വീകരിച്ചത്.
ബാലറ്റ് ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ഏപ്രില്‍ 22, 23, 24 തീയതികളില്‍ ജില്ലാ കേന്ദ്രമായ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക വുമണ്‍സ് കോളേജില്‍
നിന്നും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ജീവനക്കാരില്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചവര്‍ക്കും ഈ സെന്ററില്‍ വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് ദിവസം വോട്ടറായിരിക്കുന്ന ലോക്‌സഭ മണ്ഡലത്തില്‍ തന്നെ ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അതാത് ലോക്‌സഭ മണ്ഡലത്തിലെ ഏത് പോളിങ് ബൂത്തിലും വോട്ട് ചെയ്യാം. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ ഡി സി ) ലഭിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ നിയോജക മണ്ഡലങ്ങളിലെ എ ആര്‍ ഒ മാര്‍ക്ക് ഏപ്രില്‍ 22 വരെ അപേക്ഷ സമര്‍പ്പിക്കാം.

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ടിങ്ങിന് തുടക്കം

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള (എവിഇഎസ്) പോസ്റ്റല്‍ വോട്ടിങ്ങിന് തുടക്കമായി. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ (പിവിസി) നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരാണ് വോട്ട് ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആദ്യമായി ഇത്തവണ പോസ്റ്റല്‍ വോട്ടിന് അനുമതി ലഭിച്ചിരുന്നു.
ഇരിക്കൂര്‍- ശ്രീകണ്ഠപുരം എച്ച്എസ്എസ്, തളിപ്പറമ്പ് -ടാഗോര്‍ വിദ്യാ നികേതന്‍, അഴീക്കോട്- കൃഷ്ണമേനോന്‍ വനിത കോളേജ്, കണ്ണൂര്‍-ജിവിഎച്ച്എസ്എസ് കണ്ണൂര്‍, ധര്‍മടം-എസ്എന്‍ ട്രസ്റ്റ് എച്ചഎസ്എസ് തോട്ടട, മട്ടന്നൂര്‍-മട്ടന്നൂര്‍ എച്ചഎസ്എസ്, പേരാവൂര്‍-സെന്റ് ജോസഫ് എച്ചഎസ്എസ് തുണ്ടിയില്‍ എന്നിവയാണ് വോട്ടിങ്ങ് കേന്ദ്രങ്ങള്‍.
വടകര ലോക്‌സഭാ മണ്ഡല പരിധിയിലുള്ള തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലും പിവിസി ആരംഭിച്ചു. തലശ്ശേരി-ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവയാണ് കേന്ദ്രങ്ങള്‍.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളില്‍ 21നാണ് പോസ്റ്റല്‍ വോട്ടിങ്ങ് സെന്റര്‍ ആരംഭിക്കുക. തുടര്‍ച്ചയായ മൂന്ന് ദിവസം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!