കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന പരാതിയില്‍ നടപടി.

Kannadiparamba online news

കണ്ണൂര്‍: കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന പരാതിയില്‍ നടപടി. പോളിംഗ് ഓഫീസറെയും ബൂത്ത് ലെവല്‍ ഓഫീസറെയും ജില്ലാകളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫീസര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കളക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ രാജ്, അസി. റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു

24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951-ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ക്കെതിയുള്ള നടപടി

85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നായിരുന്നു പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പര്‍ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പര്‍ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നും എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗ്ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!