മയ്യില്‍: നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അനുവദിച്ചു കിട്ടിയ റോഡ് നവീകരണം പാതിവഴിയില്‍ നിര്‍ത്തിവെച്ചിട്ട് ഒന്നര് വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മയ്യില്‍ പഞ്ചായത്തിലെ വേളം മുതല്‍ ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ വരെയുള്ള റോഡ് പ്രവൃത്തിയാണ് അനിശ്ചിത കാലമായി നിര്‍ത്തിയത് മൂലം കടുത്ത യാത്രാ ദുരിതത്തിലായത്. ഈ റൂട്ടിലോടുന്ന ബസ്സുകളില്‍ പലതും ഓട്ടം നിര്‍ത്തി വെച്ചിരിക്കയാണ്. ഒരു വര്‍ഷം മുമ്പ് കൊയ്യം വരെയുള്ള ഭാഗത്ത് ഒന്നാം ഘട്ടം ടാറിങ്ങ് നടത്തിയിരുന്നു. കൊയ്യം പാലം മുതല്‍ വേളം വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗം ടാറിളക്കിമാറ്റിയത് മൂലം പൂര്‍ണ്ണമായും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിയിലാണ്. ഇവിടെ മഴക്കാലത്ത് ചെളിയും വേനലായതോടെ കടുത്ത പൊടിയും മൂലം യാത്ര ദുഷ്കരമായിരിക്കയാണ്. പൊട്ടി തകര്‍ന്ന റോഡിലൂടെ വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. പെരുവങ്ങൂര്‍ എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
റോഡ് നിലക്കാനുണ്ടായസാഹചര്യം.
വളക്കൈ മുതല്‍ മയ്യില്‍ പഞ്ചായത്തിലെ വേളം വരെയുള്ള റോഡ് പ്രവൃത്തി എസ്റ്റിമേറ്റിലുള്ളതിനേക്കാല് കുറഞ്ഞ തുകയില്‍ കരാറുകാരന് എടുത്ത് നടപ്പിലാക്കുകയായിരുന്നു. എന്നാല്‍ കൊയ്യം വരെയുള്ള ഭാഗത്തെ ഒന്നാം ഘട്ടം ടാറിങ്ങും ഓവുചാലുകളും മറ്റും നിര്മിക്കുമ്പോഴേക്കും തുക കാലിയാകുകയും പ്രവൃത്തി നിശ്ചലമാകുകയുമായിരുന്നു.അവശേഷിക്കുന്ന ഭാഗത്തെ അരിക് കെട്ടല്‍, ഓവു ചാലുകള്‍ നിര്‍മിക്കല്‍, കൊയ്യം മുതല്‍ വേളം വരെയുള്ള ഭാഗം ടാറിങ്ങ് തുടങ്ങിയവക്കായി എസ്റ്റിമേറ്റ് പുതുക്കി കിട്ടാനായി അപേക്ഷ നല്‍കിയെങ്കിലും ഒന്നും നടന്നിട്ടില്ല. റോഡ് പ്രവൃത്തി പുനരാരംഭിക്കാന്‍ ചെങ്ങളായി പഞ്ചായത്ത് ഇടപെടല്‍ നടത്തിയെങ്കിലും എസ്റ്റിമേറ്റ് പുതുക്കി ലഭിക്കുന്നതിനുള്ള ഭരണാനുമതിക്കായി കാത്തിരിക്കുകയാണ്.
മഴക്കാലത്തിന് മുമ്പായി പ്രവൃത്തി പൂര്‍ത്തിയാക്കണം:
അതീവ ദുഷ്കരമായ റോഡിലൂടെ ടാക്സികളും ബസ്സുകളും പോകാന്‍ വിസമ്മതിച്ചു തുടങ്ങി. മഴക്കാലത്തിന് മുമ്പായി പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിതമായ നടപടികള്‍ ഉണ്ടാകണം.
കെ.കെ. ജയകുമാര്‍ പാറക്കാടി
പൊതുപ്രവര്ത്തകന്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

