കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചക്കരക്കല്ല്, അഞ്ചരക്കണ്ടി, ചാലോട് ടൗണുകളിൽ നടത്തിയ പരിശോധനയിൽ നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത ബോർഡുകളും ബാനറുകളും പിടിച്ചെടുത്തു. ചക്കരക്കല്ലിലെ ലോസിൻ ഡിസൈൻ & ഡിജിറ്റൽ പ്രിൻ്റിങ്ങ് എന്ന സ്ഥാപനത്തിൽ നിന്നാണ് പ്രിൻ്റുകൾ പിടിച്ചെടുത്തത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. ബോർഡുകളും ബാനറുകളും പ്രിന്റ് ചെയ്യുമ്പോൾ സ്ഥാപനത്തിൻ്റെ പേര്, വിലാസം, ഫോൺനമ്പർ, റീസൈക്കിൾ ലോഗോ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് ക്യു.ആർ കോഡ് എന്നിവ വ്യക്തമായി കാണുന്ന വിധത്തിൽ ഓരോ പ്രിന്റിലും രേഖപ്പെടുത്തേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷൻ നിർദ്ദേശാനുസരണമുള്ള രേഖപ്പെടുത്തലുകൾക്ക് പുറമെയാണ് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ ഇത്തരം വിവരങ്ങൾ പ്രിൻ്റ് ചെയ്യേണ്ടത്. വരും ദിവസങ്ങളിൽ ഫ്ലക്സ് പ്രിന്റിങ് കേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരീകുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത കെ.കെ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

