Kannadiparamba news online ✍️
കണ്ണാടിപ്പറമ്പ്: ഭാര്യയ്ക്കും മക്കള്‍ക്കും ഒന്നിലേറെ കരാട്ടെ ബെല്‍റ്റുകള്‍. വീട്ടുടമയ്ക്കാവട്ടെ ആറോളം ബെല്‍റ്റുകളും നാട്ടിലും മറുനാട്ടിലും അനേകായിരം ശിശ്യരും. മൂന്ന് മക്കളും കരാട്ടെ പരിശീലകര്‍. മക്കളുടെ പേരില്‍ പോലും കരാട്ടെ ടച്ച്. അങ്ങനെയങ്ങനെ ഊണിലും ഉറക്കിലും ജീവിതത്തിലുമെല്ലാം കരാട്ടെ കൊണ്ട് നിറഞ്ഞ ഒരു വീടുണ്ട് കണ്ണാടിപ്പറമ്പില്‍. പുല്ലുപ്പി റോഡില്‍ പാറപ്പുറം ജങ്ഷനടുത്തുള്ള കരാട്ടെ അമീറിന്റെ വീടാണ് അക്ഷരാര്‍ഥത്തില്‍ കരാട്ടെ മന്‍സില്‍ എന്ന വിശേഷണത്തിന് അര്‍ഹരായിട്ടുള്ളത്. കണ്ണാടിപ്പറമ്പ് അമീര്‍ മന്‍സിലില്‍ പുളിക്കല്‍ അമീര്‍-റഷീദ ദമ്പതികളുടെ വിശേഷണങ്ങളാണിതെല്ലാം. കരാട്ടേയില്‍ അഞ്ചാമത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് കിട്ടുന്നവര്‍ക്ക് ജപ്പാനില്‍ നല്കുന്ന റെന്‍ഷി എന്ന സ്ഥാനപ്പേരുമായി സാമ്യതയുള്ള റിന്‍ഷി എന്ന പേരാണ് അമീറും റഷീദയും മൂത്ത മകള്‍ക്ക് വിളിച്ചത്. കരാട്ടേ അധ്യാപകര്‍ക്ക് നല്കുന്ന പരമോന്നത പദവിയായ ഹന്‍ഷി എന്ന വാക്കില്‍നിന്ന് രണ്ടാമത്തെ മകന് അന്‍ഷിര്‍ എന്നു പേരിട്ടു. ചെറിയ മാറ്റങ്ങളോടെ മൂന്നാമത്തെ മകള്‍ക്ക് അന്ഷിദയെന്നും പേരു നല്കി. മൂന്നു മക്കളും ബ്ലാക്ക് ബെല്റ്റുകാരാണ്. ഇവരുടെ ജീവനും ജീവിതോപാധിയും വിനോദവുമെല്ലാം പ്രധാനമായും കരാത്തെ തന്നെ.
പത്താം വയസ്സില്‍ തുടങ്ങിയതാണ് അമീറിന്റെ കരാട്ടേ ജീവിതം. കണ്ണാടിപ്പറമ്പ ന്യൂസ് ഓൺലൈൻ. പരേതരായ അബ്ദുല്ല-നഫീസയുടെ ഏക മകന്. 2009ല്‍ ജപ്പാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. ദേശീയ-അന്തര്‍ദേശീയ മീറ്റുകളിലായി അമ്പതോളം ബഹുമതികള്‍. എട്ട് ഡാന്‍ ബ്ലാക്ക്ബെല്റ്റുകാരനാണ് 52കാരന്. ഭാര്യ റഷീദ ഫസ്റ്റ് ഡാന്‍ ബ്ലാക്ക്ബെല്റ്റുകാരി. പത്താം ക്ലാസ് മുതല്‍ കരാട്ടേ പരിശീലനത്തിലുണ്ട്. കുറെക്കാലം പരിശീലക. മൂത്തമകള്‍ റിന്‍ഷി ഫിഫ്ത്ത് ഡാന്‍ ബ്ലാക്ക്ബെല്റ്റുകാരി. അഞ്ചാം വയസ്സുമുതല്‍ പരിശീലനത്തിലുണ്ട്. നിലവില്‍ എളയാവൂര് സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്‍സ്ട്രക്ടര്‍. റിന്‍ഷിയുടെ മൂത്ത മകള്‍ ഏഴ് വയസ്സുകാരി ജെല്‍വ ലിയാന രണ്ടുവര്‍ഷമായി കരാട്ടെ കളത്തിലുണ്ട്. ബ്രൗണ്‍ ബെല്‍റ്റ് നേടിക്കഴിഞ്ഞു. ഇളയവള്‍ മൂന്നുവയസ്സുകാരി ഫാത്തിമയും കരാട്ടേ കുപ്പായമിട്ട് തുടങ്ങി. കണ്ണാടിപ്പറമ്പ ന്യൂസ് ഓൺലൈൻ. ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക്ബെല്‍റ്റാണ് അന്ഷിറിന്. കണ്ണൂരിലെ സ്വാശ്രയ കോളജില്‍ കരാട്ടേ പരിശീലകനാണ്. ഫസ്റ്റ് ഡാന്‍ ബ്ലാക്ക്ബെല്‍റ്റുകാരിയായ ഇളയ മകള്‍ അന്‍ഷിദ കമ്പില്‍ മാപ്പിള എച്ച്.എസ്.എസില്‍ പരിശീലക. കുടുംബസമേതം പുലര്‍ച്ചെ എഴുന്നേറ്റ് പരിശീലനം തുടങ്ങും. ഇതിനായി വീടിനോട് ചേര്‍ന്ന് ഷെഡും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തന്നെ പരിശീലനവും നല്‍കുന്നുണ്ട്. അമീറിന്റെ ശിഷ്യന്മാര് പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. അവരില്‍ പലരും അന്താരാഷ്ട്ര തലത്തിലും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

