സി.വി. ധനരാജ് വധക്കേസ് വിധി: ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി; 16 പ്രതികളെ വെറുതെവിട്ടു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വൈശാഖ്, മൂന്നാം പ്രതി എം. വിപിൻ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് വിധിച്ചത്. ഇതിൽ എം. വിപിനും എം. വൈശാഖും സഹോദരങ്ങളാണ്. കേസിലെ നാലു മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.

സംഭവം നടന്ന് പത്തുവർഷത്തിനു ശേഷമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് കേസിൽ വിധി പ്രസ്താവിച്ചത്. ആകെ 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു കേസിൽ പ്രതികളായുണ്ടായിരുന്നത്. ഇതിൽ 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടതിനാൽ, ശേഷിക്കുന്ന 19 പ്രതികളുടെ വിചാരണയാണ് കോടതിയിൽ പൂർത്തിയായത്.

2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരു സംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചതോടെയാണ് കേസ് വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായത്. പാർട്ടി വിട്ട വി. കുഞ്ഞികൃഷ്ണൻ പിന്നീട് പയ്യന്നൂരിൽ സി.പി.എമ്മിനെ തോൽപ്പിച്ച് നിയമസഭാംഗമാകുകയും ചെയ്തിരുന്നു.

അന്ന് പയ്യന്നൂർ സി.ഐ.യായിരുന്ന വി. രമേശനാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് സി.ഐ.യായി ചുമതലയേറ്റ എം.പി. ആസാദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെ കോടതി വിസ്തരിക്കുകയും 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കുകയും ചെയ്തിരുന്നു. 2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിസ്താരം ആരംഭിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!